തിരുവനന്തപുരം: ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ഡി.എസിനെ മന്ത്രിസഭയിൽ നിന്നും എൽ.ഡി.എഫിൽ നിന്നും പുറത്താക്കാതെ പിണറായി സർക്കാർ ജനസദസ്സെന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തയ്യാറെടുക്കുന്നത് സി.പി.എമ്മിന്റെ ഫാസിസ്റ്റ് സംഘപരിവാർ അനൂകൂല മനസ്സാണ് കാണിക്കുന്നതെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ എം.പി പ്രസ്താവിച്ചു.
ബി.ജെ.പി വിരുദ്ധത സി.പി.എമ്മിനെന്നും അധര വ്യായാമമാണ്. സി.പി.എമ്മിന് ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ ബി.ജെ.പി പാളയത്തിലെത്തിയ ജെ.ഡി.എസിനെ ഉടൻ പുറത്താക്കുകയോ, ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് വരുന്നതു വരെ മാറിനിൽക്കാൻ ആവശ്യപ്പെടുകയോ ചെയ്യുമായിരുന്നു.സംഘപരിവാർ വിരോധികളാണ് തങ്ങളെന്ന് ന്യൂനപക്ഷങ്ങളെ വിശ്വസിപ്പിച്ച് വഞ്ചിക്കുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് മറ നീക്കി പുറത്തുവന്നത്.
പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിൽ വിള്ളലുണ്ടാക്കുന്ന സി.പി.എം നീക്കവും ഇതേ മാനോഭാവത്തോടെയാണ്.സി.പി.എമ്മിന്റെ മുഖ്യശത്രു കോൺഗ്രസാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ബി.ജെ.പി ഉന്നത സൗഹൃദത്തിന്റെ ഫലമായാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ പലതും ആവിയായിപ്പോയത്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജൻസികൾ അദ്ദേഹത്തിന്റെ നിഴലിനെപ്പോലുംലും ഭയക്കുന്നു.കരുവന്നൂരിലെ നിക്ഷേപത്തട്ടിപ്പിലുള്ള ഇ.ഡി അന്വേഷണത്തിന്റെ ഗതി വരും ദിവസങ്ങളിലറിയാം. സി.പി.എം- ബി.ജെ.പി ബന്ധം കൂടുതൽ ദൃഢമാക്കുന്ന ബൈപ്പാസായി ജെ.ഡി.എസിന്റെ ബി.ജെ.പി സഖ്യ പ്രവേശനം മാറും
സി.പി.എമ്മിന് തിരഞ്ഞെടുപ്പ് പ്രചരണത്തിനും പണം പിരിക്കാനുമുള്ള ഉപാധിയായി കേരളീയം, ജനസദസ്സ് പരിപാടികളെ മാറ്റുകയാണ് ലക്ഷ്യമെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |