തൃശൂർ: കരുവന്നൂർ ബാങ്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സി.പി.എം അത്താണി ലോക്കൽ കമ്മിറ്റിയംഗവുമായ പി.ആർ.അരവിന്ദാക്ഷൻ അറസ്റ്റിലായതോടെ കൂടുതൽ നേതാക്കൾക്ക് കുരുക്ക് മുറുകുന്നു. മുന്നൂറ് കോടിയുടെ തട്ടിപ്പ് നടന്നെന്ന് ഇ.ഡി കണ്ടെത്തിയ 2011മുതൽ 2020വരെയുള്ള ഭരണസമിതിയുമായും നേരത്തെ അറസ്റ്റിലായ പി. സതീഷ്‌കുമാർ, പി.പി. കിരൺ എന്നിവരുമായി ബന്ധമുള്ള കൂടുതൽ നേതാക്കൾ കേസിൽ പ്രതികളാകുമെന്നാണ് സൂചന. പി. സതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ നടന്ന തട്ടിപ്പിനും ബിനാമി ഇടപാടുകൾക്കും ഒത്താശനൽകിയെന്ന് സംശയിക്കുന്ന സി.പി.എം നേതാക്കളിലേക്കാണ് അന്വേഷണം നീളുന്നത്.
മുൻ മന്ത്രി എ.സി. മൊയ്തീനെ അറസ്റ്റ് ചെയ്യാനായി ഇ.ഡി നിയമോപദേശം തേടിയെന്നാണ് വിവരം.നാലുവട്ടം നോട്ടീസ് നൽകിയെങ്കിലും മൂന്നാമത്തെ നോട്ടീസിന് മാത്രമാണ് മൊയ്തീൻ ഹാജരായത്. വീട്ടിൽ റെയ്ഡ് നടത്തിയ ഇ.ഡി 28ലക്ഷംരൂപയുടെ നിക്ഷേപം മരവിപ്പിച്ചിരുന്നു. വരുമാനം, സ്വത്തുക്കൾ എന്നിവയുടെ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്.
കരുവന്നൂർ ബാങ്കിന്റെ പാർട്ടി ചുമതല വഹിച്ചിരുന്ന മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ നേതാവും ഇ.ഡിയുടെ വലയത്തിലാണ്. വായ്പകൾ അനുവദിക്കുന്നതിൽ ഈ നേതാവിനും പങ്കുണ്ടെന്നാണ് മൊഴികൾ.സി.പി.എം സംസ്ഥാന സമിതിയംഗം എം.കെ.കണ്ണനെതിരെയും ഇ.ഡിയുടെ നടപടിയുണ്ടാകാം. കണ്ണനെ ഒരുവട്ടം ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച വീണ്ടും ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാടയെയും ചോദ്യം ചെയ്തിരുന്നു.
മുഖ്യപ്രതി പി.സതീഷ് കുമാർ (വെളപ്പായ സതീശൻ), ഇയാളുടെ സഹായികളിൽ പ്രധാനി കെ.എ.ജിജോർ തുടങ്ങിയവരുടെ മൊഴികൾ മൊയ്തീന് എതിരാണ്. ജിജോർ ഇ.ഡിക്ക് എഴുതിക്കൊടുത്ത 40 പേജുള്ള വിവരങ്ങളും മൊയ്തീന് വിനയാകും. വായ്പാ തട്ടിപ്പടക്കം മൊയ്തീന്റെ അറിവോടെ നടന്നെന്നാണ് ജിജോറിന്റെ മൊഴി.
സി.ബി.ഐ വന്നേക്കും
കരുവന്നൂർ മോഡൽ തട്ടിപ്പ് കൂടുതൽ സഹകരണ ബാങ്കുകളിൽ നടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ അന്വേഷണത്തിനും സാദ്ധ്യതയുണ്ടെന്നാണ് സൂചന. വായ്പാ തട്ടിപ്പും കള്ളപ്പണവുമായി ബന്ധപ്പെട്ട് വ്യാപക കൈക്കൂലി ഇടപാടും നടന്നിട്ടുണ്ട്.
കരുവന്നൂരിലെ തട്ടിപ്പ് പാർട്ടിയെ അറിയിച്ച പ്രവർത്തകൻ രാജീവിനെ 1998ൽ ദുരൂഹസാഹചര്യത്തിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തിയ കേസ് പൊലീസ് എഴുതിത്തള്ളിയിരുന്നു. അയ്യന്തോൾ ബാങ്ക് ജീവനക്കാരനായിരുന്ന വാടാനപ്പിള്ളി സ്വദേശി ശിവലാലിനെ 12 വർഷം മുമ്പ് കാണാതായ കേസിനും തുമ്പില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കരുവന്നൂർ ബാങ്ക് എക്സ്റ്റൻഷൻ കൗണ്ടർ മുൻ മാനേജർ എം.വി.സുരേഷ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |