ന്യൂഡൽഹി: ഇസ്‌കോൺ ( ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്) ന് എതിരെ വൻ വിമർശനവുമായി ബിജെപി എം പി മേനകാ ഗാന്ധി. ഇസ്‌കോൺ ഗോശാലകളിൽ നിന്നും പശുക്കളെ കശാപ്പുകാർക്ക് വിൽക്കുന്നു എന്ന ആരോപണവുമായാണ് മേനകാ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്. ഇത് രാജ്യത്തെ ഏറ്റവും വലിയ ചതിയാണെന്നും മേനകാ ഗാന്ധി ആരോപിച്ചു.
ഇസ്കോൺ ഗോശാലകൾ പരിപാലിക്കുന്നുവെന്ന പേരിൽ സർക്കാരിൽ നിന്നും ധാരാളം സ്ഥലങ്ങൾ സ്വന്തമാക്കുകയും ആനുകൂല്യങ്ങൾ നേടുകയുമാണ് ചെയ്യുന്നതെന്ന് അവർ വീഡിയോയിലൂടെ പറഞ്ഞു. ആന്ധ്രാപ്രദേശിലെ ഇസ്‌കോണിന്റെ കീഴിലുളള അനന്ദ്പൂർ ഗോശാല സന്ദർശിച്ചതിനെക്കുറിച്ചും മേനകഗാന്ധി വിമർശനമുയർത്തിയിരുന്നു. അനന്ദ്പൂരിൽ കറവ നിർത്തിയ പശുക്കളെയോ കാളക്കുട്ടികളെയോ കാണാൻ സാധിച്ചിരുന്നില്ല, അവയെ കശാപ്പുകാർക്ക് കൊടുത്തിരിക്കുമെന്നും അവർ പറഞ്ഞു. റോഡുകളിൽ ഹരേ റാം ഹരേ കൃഷ്ണ പാടി നടക്കുകയാണെന്നും അവരുടെ മുഴുവൻ ജീവിതവും പാലിനെ ആശ്രയിച്ചാണ് നടക്കുന്നതെന്ന പ്രസ്താവനകളാണ് ഇസ്കോൺ ഉയർത്തുന്നതെന്നും മേനകാ ഗാന്ധി വിമർശിച്ചു.എന്നാൽ ഇസ്കോൺ കശാപ്പുകാർക്ക് വിൽക്കുന്നത് പോലെ മറ്റാരും പശുക്കളെ ഇത്തരത്തിൽ വിറ്റിട്ടില്ലയെന്നും മേനകാ ഗാന്ധി പറഞ്ഞു.
അതേസമയം ഇത്തരം പരാമർശങ്ങൾ തെളിവില്ലാത്തതും വ്യാജവുമാണെന്നും ഇസ്‌കോണിന്റെ ദേശീയ വക്താവായ യുധിഷ്ഠിർ ഗോവിന്ദ് ദാസ് പ്രതികരിച്ചു. ഗോമാംസം പ്രധാന ഭക്ഷണമായ ലോകത്തിന്റെ പലയിടങ്ങളിലും സംഘടന പശുസംരക്ഷണത്തിനുളള പദ്ധതികൾക്ക് തുടക്കമിട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ശ്രീമതി മേനകാ ഗാന്ധി അറിയപ്പെടുന്ന മൃഗസംരക്ഷണ പ്രവർത്തകയാണെന്നും ഇസ്കോണിന്റെ അഭ്യുദയകാംക്ഷിയുമാണെന്നും അവരുടെ ആരോപണങ്ങൾ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ കൂടാതെ മറ്റ് രാജ്യങ്ങളിൽ പശു, കാള തുടങ്ങിയവയുടെ പരിപാലനത്തിൽ മുൻപന്തിയിൽ ഉളള സംഘടനയാണ് ഇസ്കോൺ.
ഹരേ കൃഷ്ണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇസ്കോണിന് ലോകമെമ്പാടും നൂറുകണക്കിന് ക്ഷേത്രങ്ങളും ദശലക്ഷക്കണക്കിന് വിശ്വാസികളുമുണ്ട്. കഴിഞ്ഞ രണ്ട് മാസങ്ങൾക്ക് മുൻപ് ഇസ്കോണിലെ പ്രമുഖ സന്ന്യാസിയായ അമോഘ് ലീലാ ദാസ് സ്വാമി വിവേകാനന്ദനെയും രാമകൃഷ്ണ പരമഹംസനെയും വിമർശിച്ചിരുന്നു. ഇത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അമോഘിന്റെ അഭിപ്രായങ്ങൾ വലിയ വിവാദമായതോടെ ഇസ്കോൺ അദ്ദേഹത്തെ താത്കാലികമായി സംഘടനയിൽ നിന്നും മാറ്റി നിർത്തുകയും പ്രായശ്ചിത്തത്തിനായി അയക്കുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |