ന്യൂഡൽഹി: ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മക്കളായ ഇഷ, ആകാശ്, ആനന്ദ് എന്നിവരെ അടുത്തിടെയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഇവർക്ക് പ്രതിമാസം ശമ്പളമൊന്നും കിട്ടില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ബോർഡ്, കമ്മിറ്റി മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിനുള്ള ഫീസ് മാത്രമേ ഇവർക്ക് നൽകൂവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
അറുപത്തിയാറുകാരനായ മുകേഷ് അംബാനി 2020-21 സാമ്പത്തിക വർഷം മുതൽ കമ്പനിയിൽ നിന്ന് ശമ്പളമൊന്നും വാങ്ങുന്നില്ല. അദ്ദേഹത്തിന്റെ ബന്ധുക്കളായ നിഖിലും ഹിതലും ഉൾപ്പെടെയുള്ള മറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർമാർക്ക് ശമ്പളവും അലവൻസും കമ്മീഷനുമൊക്കെ ലഭിക്കുന്നുണ്ട്.
കഴിഞ്ഞ മാസത്തെ കമ്പനിയുടെ വാർഷിക ഓഹരി ഉടമകളുടെ യോഗത്തിലാണ് മക്കളെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തുന്ന വിവരം മുകേഷ് അംബാനി പ്രഖ്യാപിച്ചത്. നിലവിൽ മുകേഷ് അംബാനിയുടെ മൂന്ന് മക്കളും റിലയൻസ് ഗ്രൂപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ നിർണായക പദവികൾ വഹിച്ച് വരികയാണ്.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി 5 വർഷത്തേയ്ക്ക് കൂടി തുടരുമെന്ന് വാർഷിക പൊതുയോഗത്തിൽ മുകേഷ് അംബാനി അറിയിച്ചിട്ടുണ്ട്. ചെയർമാനും മാനേജിംഗ് ഡയറക്ടറും എന്ന നിലയിലുള്ള കടമകളും ഉത്തരവാദിത്തങ്ങളും അഞ്ച് വർഷം കൂടി ഊർജ്ജസ്വലതയോടെ നിർവഹിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മക്കളെ കമ്പനിയുടെ ഡയറക്ടർമാരായി നിയമിക്കുന്നതിന് അനുമതി തേടി റിലയൻസ് ഗ്രൂപ്പ് ഷെയർ ഹോൾഡർമാർക്ക് കത്തയച്ചിട്ടുണ്ട്. ഓഹരിയുടമകൾ അംഗീകരിക്കുന്നതോടെയാണ് ഇത് പ്രാബല്യത്തിൽ വരിക. ബോർഡിന്റെയോ കമ്മിറ്റികളുടെയോ മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിനോ അല്ലെങ്കിൽ ബോർഡ് തീരുമാനിക്കുന്ന മറ്റേതെങ്കിലും മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിനോ ഉള്ള ഫീസ്, ലാഭവുമായി ബന്ധപ്പെട്ട കമ്മീഷൻ എന്നിവ മക്കൾക്ക് നൽകുമെന്നും ഇതിൽ പറയുന്നുണ്ട്.
2014ൽ മുകേഷ് അംബാനിയുടെ ഭാര്യ നിതയെ കമ്പനി ബോർഡിലേക്ക് നിയമിച്ചതിന് സമാനമാണ് ഇപ്പോൾ മക്കളെയും നിയമിച്ചിരിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ നിത അംബാനിക്ക് ആറ് ലക്ഷം രൂപ സിറ്റിംഗ് ഫീസും രണ്ട് കോടി രൂപ കമ്മീഷനും കിട്ടിയിരുന്നു. നിത അംബാനിയെ കൂടാതെ, ദീപക് സി ജെയിൻ, രഘുനാഥ് എ മഷേൽക്കർ, ആദിൽ സൈനുൽഭായ്, രമീന്ദർ സിംഗ് ഗുജ്റാൾ, ഷുമീത് ബാനർജി, എസ് ബി ഐ മുൻ ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യ, മുൻ സി വി സി കെ വി ചൗധരി, സൗദി സോവറിൻ വെൽത്ത് ഫണ്ട് നോമിനി എച്ച് റുമ ഒമിനി എന്നിവരാണ് മറ്റ് നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാർ.ഇവർക്കെല്ലാം രണ്ട് കോടി കമ്മീഷനും സിറ്റിംഗ് ഫീസും ലഭിച്ചിട്ടുണ്ട്. അമ്പത്തൊൻപതുകാരിയായ നിത റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്സണും ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിന്റെ ചെയർപേഴ്‌സണുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |