കണ്ണൂർ: നടപടി ശക്തമാക്കുന്നുവെന്ന ഉറപ്പ് അധികൃതർ ആവർത്തിക്കുമ്പോഴും തെരുവനായകളുടെ സ്വൈര്യവിഹാരത്തിൽ വിറങ്ങലിച്ച് നാട്. കഴിഞ്ഞ രണ്ടുദിവസങ്ങൾക്കുള്ളിൽ പയ്യന്നൂർ, തളിപ്പറമ്പ് മേഖലകളിലായി ഒൻപതുപേരെയാണ് നായ കടിച്ചുപറിച്ചത്. നഗരങ്ങൾ മിക്കതും നായകൾ കൈയടക്കിയ കാഴ്ചയാണ്.
കഴിഞ്ഞ മാസം തളിപ്പറമ്പിലും ഒൻപതുവയസുകാരനുൾപ്പെടെ അഞ്ചുപേർക്ക് നായയുടെ കടിയേറ്റിരുന്നു.തൊട്ടടുത്ത ദിവസം സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെയും തെരുവുനായ അക്രമണമുണ്ടായി.ജില്ലയിൽ ദിനം പ്രതി 30 കുട്ടികൾക്ക് തെരുവുനായകളുടെ കടിയേൽക്കുന്നുണ്ടെന്ന ഗുരുതര റിപ്പോർട്ടുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് കോടതിയെ സമീപിച്ച സാഹചര്യത്തിലും തെരുവുനായ വന്ധ്യംകരണം ഉൾപ്പെടെയുള്ള പദ്ധതികൾ നിശ്ചലാവസ്ഥയിലാണ്.
കണ്ണൂർ നഗരത്തിൽ എങ്ങോട്ട് തിരിഞ്ഞാലും തെരുവുനായകളാണ്.കണ്ണൂർ ശിക്ഷക് സദൻ,തെക്കി ബസാർ,കിഴക്കെകവാടം,പഴയ ബസ് സ്റ്റാൻഡ് പരിസരം,റെയിൽവെ സ്റ്റേഷൻ തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം തെരുവുനായകളുടെ വമ്പൻ കൂട്ടമാണ്.ശിക്ഷക് സദൻ പരിസരത്ത് 15 തെരുവുനായകൾ വരെ മിക്ക സമയത്തുമുണ്ടാകും. ഇതിലൂടെ വഴി നടക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്.ബൈക്ക് യാത്രികർക്ക് നേരെ കുരച്ചുപായുന്ന ഇവ കാൽനടക്കാരെയും വെറുതെവിടുന്നില്ല. വാരം ,മുണ്ടായാട് ഇൻഡോർ സ്റ്റേഡിയം പരിസരം എന്നിവിടങ്ങളിലെല്ലാം ജനം പൊറുതിമുട്ടിയ മട്ടാണ്.
റെയിൽവേ പ്ലാറ്റ്ഫോമും വിശ്രമകേന്ദ്രം
ജില്ലയിലെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിലെല്ലാം നിലവിൽ തെരുവുനായകൾ വിഹരിക്കുകയാണ്.കണ്ണൂർ ,പയ്യന്നൂർ എന്നീ പ്രധാന റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളാണ് കൂടുതലായും ഇവ കൈയടക്കുന്നത്..പ്ലാറ്റ്ഫോമിൽ വച്ചിരിക്കുന്ന വേസ്റ്റ് ബാസ്ക്കറ്റുകൾ വലിച്ച് താഴെയിട്ട് മാലിന്യങ്ങൾ കടിച്ചു കുടയുന്നതും പതിവാണ്.ഇതൊന്നും അധികൃതർ ഗൗരവത്തിലെടുക്കുന്നില്ല.
കനിയണം പരമോന്നത കോടതി
കേരളത്തിലേതുൾപ്പെടെ തെരുവുനായ വിഷയത്തിൽ സുപ്രീംകോടതി അന്തിമവാദം 18 നാണ് നിശ്ചയിച്ചിരിക്കുന്നത്. കേരളം ഉന്നയിച്ച വിഷയത്തിൽ എല്ലാ ഭാഗങ്ങളും പരിശോധിച്ച് ശാശ്വത പരിഹാരം കാണാനാണ് ഉദ്ദേശിക്കുന്നതെന്ന് സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട് . അക്രമകാരികളായ തെരുവുനായകളെ മാനുഷികമായ മാർഗ്ഗങ്ങളിലൂടെ ദയാ വധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പി.പി. ദിവ്യയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |