തിരുവനന്തപുരം: ഗ്രീഷ്മയ്‌ക്ക് ജാമ്യം നൽകിക്കൊണ്ടുള്ള വിധി വന്നത് മുതൽ ഷാരോണിന് നീതി നേടിക്കൊടുക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്ത് കുമാർ. വിധിയിൽ വിഷമമുണ്ടെന്നും ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി അസോസിയേഷൻ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. പുരുഷന് ലഭിക്കാത്ത നീതി എന്തിന് ഒരു സ്ത്രീക്ക് ലഭിക്കണം. പുരുഷനെ കൊന്നുതള്ളിയ ഒരു സ്ത്രീയും ഇനി പുറത്ത് വിലസണ്ട എന്നും അജിത്ത് കുമാർ പറഞ്ഞു.
'ആളൂരിന്റെ ജൂനിയറായ ബബില ഉമർഖാനെ സംഘടന കേസ് ഏൽപ്പിച്ചിട്ടുണ്ട്. ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയിൽ റിട്ട് സമർപ്പിച്ചാൽ മതിയെന്നാണ് അറിഞ്ഞത്. സുപ്രീംകോടതി വരെ പോകേണ്ടി വന്നാലും ഗ്രീഷ്മയ്‌ക്ക് ശിക്ഷ ലഭിക്കുന്നതുവരെ പോരാടും. ആദ്യത്തെ കേസായതുകൊണ്ടാണ് ഗ്രീഷ്മയ്ക്ക് ജാമ്യം കൊടുത്തതെന്ന് വിധിയിൽ കോടതി പറഞ്ഞിട്ടുണ്ട്. ഇതുപോലുള്ള ജഡ്‌ജിമാർ അവിടെയിരുന്നാൽ ആർക്കാണ് നീതി ലഭിക്കുക. അങ്ങനെയെങ്കിൽ വിസ്‌മയ കേസിൽ കിരൺ കുമാർ ജയിലിൽ കഴിയുന്നതെന്തിന്? അദ്ദേഹത്തിനും ക്രിമിനൽ പശ്ചാത്തലമില്ലായിരുന്നല്ലോ. ഗ്രീഷ്മയെ പുറത്തുകൊണ്ടുവരാൻ എന്തിനാണ് ഇത്ര വെമ്പൽ. ' - അജിത്ത് കുമാർ ചോദിച്ചു.
തുല്യ നീതി ഉറപ്പാക്കണം. പണത്തിന്റെയും സ്വാധീനത്തിന്റെയും പേരിൽ നീതി മറന്നുപോകരുതെന്നും അജിത്ത് കുമാർ പറഞ്ഞു. സംഭവത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുമെന്നും ജാമ്യത്തിൽ വിട്ട ജസ്റ്റിസിന്റെയും ഗ്രീഷ്മയുടെയും കോലം കത്തിക്കുമെന്നും ഓൾ കേരള മെൻസ് അസോസിയേഷന്റെ ഫേസ്‌ബുക്ക് പേജ് ലൈവിലൂടെ അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |