തിരുവനന്തപുരം : മെഡിക്കൽ ഓഫീസർ നിയമനത്തിന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ മന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. വഞ്ചനാകുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മന്ത്രിയുടെ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന മലപ്പുറം സ്വദേശി ഹരിദാസന്റെ ആരോപണത്തെ തുടർന്നാണ് പരാതി നൽകിയത്. അഖിലിന്റെ മൊഴി കന്റോൺമെന്റ് പൊലീസ് രേഖപ്പെടുത്തി. പരാതിക്കാരനെയോ ഇടനിലക്കാരനെയോ അറിയില്ലെന്ന് അഖിൽ പൊലീസിനോട് പറഞ്ഞു.
പ്രതിയുടെ സ്ഥാനത്ത് അജ്ഞാതൻ എന്നാണ് പറഞ്ഞിരിക്കുന്നത്. പ്രതി അഖിൽ മാത്യുവിന്റെ പേര് പറഞ്ഞ് ആൾമാറാട്ടം നടത്തി വിശ്വാസവഞ്ചന ചെയ്തു. മലപ്പുറം സ്വദേശിയായ ഹരിദാസിൽ നിന്ന് പണം കൈപ്പറ്റിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അഖിൽ പരാതി നൽകിയത്.
പത്തനംതിട്ട സ്വദേശി അഖിൽ സജീവനെതിരെയാണ് അന്വേഷണം. സി.ഐ.ടി.യു മുൻ ഓഫീസ് സെക്രട്ടറിയായ അഖിൽ സജീവ് മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലെ അഖിൽ മാത്യുവിനെ പരിചയപ്പെടുത്തിയെന്നാണ് ഹരിദാസൻ ആരോഗ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. നിയമനത്തിനായി മന്ത്രിയുടെ സ്റ്റാഫ് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായും ഒന്നേമുക്കാൽ ലക്ഷം രൂപ നൽകിയതായും പരാതിക്കാരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |