ന്യൂഡൽഹി : ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തേണ്ട കാര്യമില്ലെന്നും ഭരണഘടന പ്രകാരം തന്നെ നിയമനിർമാണത്തിന് കേന്ദ്രസർക്കാരിന് അധികാരമുണ്ടെന്നും ലാ കമ്മീഷൻ. കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ കമ്മീഷൻ തയ്യാറല്ല. 2029ൽ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനാവും വിധം ഭരണഘടനാ ഭേദഗതി അടക്കം ശുപാർശ ചെയ്യാൻ ലാ കമ്മീഷൻ തയ്യാറെടുക്കുന്നുവെന്നാണ് വിവരം.
അന്തിമ റിപ്പോർട്ട് 15 ദിവസത്തിനകം
15 ദിവസത്തിനകം കേന്ദ്രസർക്കാരിനും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ ഉന്നതതല സമിതിക്കും റിപ്പോർട്ട് സമർപ്പിക്കാനാണ് ലാ കമ്മീഷന്റെ നീക്കം. കർണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്‌തി അദ്ധ്യക്ഷനും, ജസ്റ്റിസ് കെ.ടി. ശങ്കരൻ, പ്രൊഫസർ ഡോ. ആനന്ദ് പലിവാൽ, പ്രൊഫസർ ഡി.പി. വർമ്മ എന്നിവർ അംഗങ്ങളുമായ 22ാം ലാ കമ്മീഷൻ ഇന്നലെ യോഗം ചേർന്ന് കരട് റിപ്പോർട്ട് ചർച്ച ചെയ്തു. റിപ്പോർട്ട് അന്തിമമാക്കി അംഗീകരിക്കാൻ 15 ദിവസത്തിനകം വീണ്ടും യോഗം ചേരും. അതിനു ശേഷം റിപ്പോർട്ടിൽ ലാ കമ്മീഷൻ അദ്ധ്യക്ഷനും അംഗങ്ങളും ഒപ്പിട്ട് കേന്ദ്രസർക്കാരിനും ഉന്നതതല സമിതിക്കും കൈമാറും. രാംനാഥ് കോവിന്ദ് സമിതി നേരത്തേ ലാ കമ്മീഷനിന്റെ നിർദ്ദേശങ്ങളും ശുപാർശകളും ക്ഷണിച്ചിരുന്നു.
കേന്ദ്ര തീരുമാനം നിർണായകം
ഇക്കൊല്ലവും അടുത്ത കൊല്ലവുമായി 12 നിയമസഭാ തിരഞ്ഞെടുപ്പുകളും, അടുത്തവർഷം മേയിൽ ലോക്സഭാ തിരഞ്ഞെടുപ്പുമാണ് നടക്കേണ്ടത്. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിൽ ഈ വർഷം അവസാനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കണം. അടുത്ത വർഷം ആന്ധ്ര, അരുണാചൽപ്രദേശ്, ഒഡിഷ, സിക്കിം, ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുണ്ട്. ജമ്മു കാശ്‌മീരിൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പുണ്ടാകാം. ഈ സാഹചര്യത്തിൽ ലാ കമ്മീഷന്റെയും, രാംനാഥ് കോവിന്ദ് സമിതിയുടെയും റിപ്പോർട്ട് പരിശോധിച്ച് കേന്ദ്രം സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്. ധൃതിപിടിച്ച് 2024ൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിലേക്ക് പോകുമോയെന്നതും കണ്ടറിയണം. ഈകാര്യങ്ങളിൽ കേന്ദ്രസർക്കാർ സസ്പെൻസ് തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |