തൊടുപുഴ: അപ്രോച്ച് റോഡ് നിർമ്മാണത്തിനായി പൊന്നുംവിലയ്ക്ക് ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരതുക ഈടാക്കാൻ കോടതി ഉത്തരവിനെ തുടർന്ന് സർക്കാർ വാഹനങ്ങൾ കണ്ടുകെട്ടി. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസിലെ രണ്ടു ജീപ്പുകൾ, ഭൂജല വകുപ്പിന്റെ ലോറി, മൃഗസംരക്ഷണ വകുപ്പിന്റെ ജീപ്പ് എന്നിവയാണ് കണ്ടുകെട്ടിയത്. ഇതോടൊപ്പം തൊടുപുഴ സബ് ട്രഷറിയിൽ നിന്ന് ഒരു കോടി രൂപയും തൊടുപുഴ സബ് കോടതിയുടെ ഉത്തരവു പ്രകാരം കണ്ടു കെട്ടി. തൊടുപുഴ- ഇറുക്കുംപുഴ പാലം അപ്രോച്ച് റോഡ് നിർമാണത്തിനായി 2009ൽ ഏറ്റെടുത്ത സ്ഥലത്തിന്റെ സർക്കാർ നിശ്ചയിച്ച വില വർഷങ്ങളായി ലഭിച്ചില്ലെന്നു കാട്ടി തൊടുപുഴ സ്വദേശികളായ അഞ്ചു പേരാണ് ജില്ലാ കളക്ടർ, പൊതുമരാമത്ത് വകുപ്പ് എന്നിവരെ എതിർ കക്ഷികളാക്കി കോടതിയെ സമീപിച്ചത്. ഒന്നര കോടിയോളം രൂപയാണ് ഇവർക്ക് നഷ്ടപരിഹാരമായി ലഭിക്കേണ്ടത്. തുടർന്ന് ജില്ലാ കളക്ടർ, സബ് കളക്ടർ, ഡപ്യൂട്ടി കളക്ടർ എന്നിവരുടെ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കണ്ടു കെട്ടാൻ കോടതി നിർദേശിക്കുകയായിരുന്നു. ഇതിൽ സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങളാണ് ഇന്നലെ ജപ്തി ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |