ബാഗ്ദാദ്: ഇറാക്കിലെ നിനവെ പ്രവിശ്യയിൽ വിവാഹ പാർട്ടിക്കിടെയുണ്ടായ വൻ തീപിടിത്തത്തിൽ 113 മരണം. 150ലേറെ പേർക്ക് പരിക്കേറ്റു. മരണ ഇനിയും ഉയരും. പ്രാദേശിക സമയം, ചൊവ്വാഴ്ച രാത്രി 10.45ന് ( ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 1.15 ) ഖറാഖാഷ് ( അൽ ഹംദാനിയ ) നഗരത്തിലെ അൽ - ഹയ്ഥം ഹാളിലായിരുന്നു അപകടം.
ബാഗ്ദാദിന് 335 കിലോമീറ്റർ വടക്ക് പടിഞ്ഞാറുള്ള ഇവിടം ക്രിസ്ത്യൻ മേഖലയാണ്. അപകട സമയത്ത് 1,000ത്തോളം പേർ ഹാളിലുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്.
ആഘോഷത്തിന്റെ ഭാഗമായ കരിമരുന്ന് പ്രയോഗമാണ് തീപിടിത്തത്തിന് കാരണമെന്നാണ് റിപ്പോർട്ട്. പടക്കങ്ങൾ ഉപയോഗിക്കുന്നതിനിടെ കൂറ്റൻ അലങ്കാരങ്ങളിലേക്ക് തീപടരുന്നതിന്റെ വീഡിയോകൾ പുറത്തുവന്നു. തീപിടിച്ച സീലിംഗ് ഹാളിലുണ്ടായിരുന്നവരുടെ മേൽ വീഴുന്നത് വീഡിയോയിൽ കാണാം.
സെക്കൻഡുകൾക്കുള്ളിൽ തീ നിറഞ്ഞെന്നാണ് പരിക്കേറ്റവരുടെ മൊഴി. നിലവാരമില്ലാത്ത പ്രീഫാബ്രികേറ്റഡ് പാനലുകൾക്ക് പെട്ടെന്ന് തീ പിടിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്.
ഹാളിലെ പ്ലാസ്റ്റിക് പാനലുകൾ കത്തിയുണ്ടായ വിഷ വാതകവും സ്ഥിതി വഷളാക്കി. ഹാളിന്റെ ഉടമയ്ക്കായി അന്വേഷണം ആരംഭിച്ചു. ഹാളിൽ എമർജൻസി വാതിലുകളോ അഗ്നിശമന സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. വധൂവരൻമാരായ ഹനീനും റിവാനും മരിച്ചവരിലോ പരിക്കേറ്റവരിലോ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഇവർ മരിച്ചെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിട്ടില്ല.
പ്രധാനമന്ത്രി ഷിയാ അൽ - സുഡാനി രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പരിക്കേറ്റവർ നിനവെയിലെയും വടക്കൻ ഇറാക്കിലെ കുർദിഷ് മേഖലകളിലെയും ആശുപത്രികളിൽ ചികിത്സയിലാണ്. ചിലരെ വിദഗ്ദ്ധ ചികിത്സയ്ക്കായി സൈന്യം ബാഗ്ദാദിലേക്ക് മാറ്റി.
അതേ സമയം, ഇറാക്കിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങളിൽ തീപിടിത്തങ്ങൾ വ്യാപകമാണ്. 2021ൽ നസിരിയ നഗരത്തിലെ ഒരു ആശുപത്രിയിലുണ്ടായ അഗ്നിബാധയിൽ നൂറോളം പേർ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |