കൊച്ചി: സെപ്തംബർ 15ന് അവസാനിച്ച രണ്ടാംഘട്ട സോവറിൻ ഗോൾഡ് ബോണ്ട് വഴി 11.67 ടൺ സ്വർണം സമാഹരിച്ചു. 6,914 കോടി രൂപ മൂല്യം വരുന്ന ഗോൾഡ് ബോണ്ടുകൾ രണ്ടാംഘട്ടത്തിൽ വിറ്റഴിച്ചതോടെ എക്കാലത്തെയും ഉയർന്ന നിലയിലെത്തി. സെപ്തംബർ 11 മുതലാണ് റിസർവ് ബാങ്ക് കേന്ദ്രസർക്കാരിനു വേണ്ടി കൈകാര്യം ചെയ്യുന്ന സോവറിൻ ബോണ്ട് സബ്സ്ക്രിപ്ഷൻ ആരംഭിച്ചത്.
2015ൽ സോവറിൻ ഗോൾഡ് ബോണ്ടുകൾ അവതരിപ്പിച്ചതിനു ശേഷം ആദ്യമായാണ് 10 ശതമാനത്തിലധികം ഡിമാൻഡ് വർദ്ധിക്കുന്നത്. ഇതോടെ സ്വർണത്തിന്റെ അളവ് 120.6 ടൺ ആയി ഉയർന്നു. 56,342 കോടി രൂപയാണ് മൊത്തം ബോണ്ടുകളുടെ മൂല്യം. അതേ സമയം, ആഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് ഗോൾഡ് ഇ.ടി.എഫുകൾ കൈകാര്യം ചെയ്യുന്നത് 24,318 കോടി രൂപയുടെ ആസ്തിയാണ്.
റിസർവ് ബാങ്ക് പുറത്തിറക്കിയ ഏറ്റവും പുതിയ ഗോൾഡ് ബോണ്ടിന്റെ മൂല്യം ഒരു ഗ്രാമിന് 5,923 രൂപയായിരുന്നു. ഓൺലൈൻ നിക്ഷേപകർക്ക് ഗ്രാമിന് 50 രൂപ കിഴിവ് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇത്തരം നിക്ഷേപകർക്ക് ഗോൾഡ് ബോണ്ടിന്റെ വില ഒരു ഗ്രാമിന് 5,873 രൂപയായിരിരുന്നു. സ്വർണ വില ഉയരത്തിലായിട്ടും ഇത്തവണ ബോണ്ട് വില്പന കുതിച്ചുയരുകയായിരുന്നു. ആഗോളതലത്തിലെ അനിശ്ചിതത്വങ്ങൾ, ക്രൂഡ് ഓയിൽ വില വർദ്ധന തുടങ്ങിയ കാരണങ്ങളാണ് ഡിമാൻഡ് ഉയരാൻ കാരണമായത്.
എസ്.ജി.ബി
സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപമാർഗമാണ് എസ്‌ജിബികൾ. ജ്വല്ലറികളിലോ, സ്വർണക്കടകളിലോ പോയി സ്വർണം ഭൗതികമായി സ്വന്തമാക്കാതെ അതിൽ നിക്ഷേപിക്കാനുള്ള ഒരു മാർഗമാണ് എസ്.ജി.ബി. അതായത് ഭൗതിക സ്വർണം വാങ്ങുന്നതിന് സമാനമായി ഡിജിറ്റലായി സ്വർണം വാങ്ങാവുന്ന രീതിയാണിത്.
കേന്ദ്ര സർക്കാരിനായി റിസർവ് ബാങ്ക് ഒഫ് ഇന്ത്യയാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ പുറത്തിറക്കുന്നത്. ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമും വാർഷിക പരിധി നാല് കിലോഗ്രാമുമാണ്. 2.50 ശതമാനമാണ് വാർഷിക പലിശ. നിക്ഷേപകന് സ്വർണത്തിന്റെ മാർക്കറ്റ് മൂല്യത്തിന്റെ 75ശതമാനം വരെ വായ്പ ലഭിക്കുന്നതിന് ബോണ്ടുകൾ പണയം വയ്ക്കുകയും ചെയ്യാം.
8 വർഷമാണ് സോവറിൻ ബോണ്ടുകളുടെ കാലാവധി. അഞ്ചാം വർഷം മുതൽ എക്സിറ്റ് ഓപ്ഷൻ ഉപയോഗിച്ച് നിക്ഷേപങ്ങൾ പിൻവലിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ നിരക്ക് ലഭിക്കുന്ന ഏക സ്വർണ നിക്ഷേപമാണിത്. ഇന്ത്യൻ പൗരത്വമുള്ള ആർക്കും എസ്.ജി.ബി വാങ്ങാവുന്നതാണ്. ട്രസ്റ്റുകൾക്കും മറ്റ് സമാനസ്ഥാപനങ്ങൾക്കും 20 കിലോഗ്രാം വരെ സ്വർണം വാങ്ങാം.
ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് (എസ്.എച്ച്.സി.ഐ.എൽ), ക്ലിയറിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ്(സി.സി.ഐ.എൽ), പോസ്റ്റ് ഓഫീസുകൾ, അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ എന്നിവ വഴി ഗോൾഡ് ബോണ്ടുകൾ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |