കൊച്ചി: രാജ്യത്ത് ഡയമണ്ട് ഇറക്കുമതി താത്കാലികമായി നിറുത്തിവയ്ക്കാൻ ജെംസ് ആൻഡ് ജുവലറി ഇൻഡസ്ട്രി, അംഗങ്ങളോട് ആവശ്യപ്പെട്ടു. ആഗോള ഡിമാൻഡ് മന്ദഗതിയിലാകുകയും ആഭ്യന്തര കമ്പനികളുടെ വർദ്ധിച്ചുവരുന്ന ശേഖരവും കാരണം ഒക്ടോബർ 15 മുതൽ രണ്ട് മാസത്തേക്ക് പരുക്കൻ വജ്രങ്ങളുടെ ഇറക്കുമതി നിറുത്താനാണ് ആവശ്യം. ലാബിൽ നിർമ്മിക്കുന്ന ഡയമണ്ടുകൾ വൻതോതിൽ വിപണിയിലെത്തുന്നതും ഇറക്കുമതി നിറുത്താനുള്ള കാരണമാണ്. നാച്വറൽ ഡയമണ്ടിനേക്കാൾ വിലക്കുറവിലാണ് ഇത് ലഭിക്കുന്നത്.
നാലാം തവണ
വജ്ര വ്യവസായത്തിന്റെ ചരിത്രത്തിൽ നാലാം തവണയാണ് ഡയമണ്ട് ഇറക്കുമതി നിറുത്തിവയ്ക്കുന്നത്. ആദ്യമായി 1991 ഇറാഖ് യുദ്ധത്തിന് ശേഷമായിരുന്നു. രണ്ടാമത് ഇറക്കുമതി നിറുത്തിയത് 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്നായിരുന്നു. 2019 കോവിഡ് മഹാമാരി ലോകമെമ്പാടും വ്യാപിച്ചതോടെയും ഡയമണ്ട് ഇറക്കുമതി നിറുത്തിവച്ചിരുന്നു.
ജി.ജെ.ഇ.പി.,സി
ജെം ജുവലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ (ജി.ജെ.ഇ.പി.സി), ഭാരത് ഡയമണ്ട് ബോഴ്‌സ്, സൂറത്ത് ഡയമണ്ട് ബോഴ്‌സ്, മുംബയ് ഡയമണ്ട് മർച്ചന്റ്‌സ് അസോസിയേഷൻ, സൂറത്ത് ഡയമണ്ട് അസോസിയേഷൻ എന്നിവ സംയുക്തമായാണ് തീരുമാനമെടുത്തത്. യുഎസ്എ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള മിനുക്കിയ വജ്രങ്ങളുടെയും ആഭരണങ്ങളുടെയും ഡിമാൻഡ് കഴിഞ്ഞ പല പാദങ്ങളിലും കുറവായിരുന്നു. ജനുവരി-ആഗസ്റ്റ് മാസങ്ങളിൽ ഇന്ത്യയിൽൻിന്നുള്ള കയറ്റുമതിയിൽ 25 ശതമാനം കുറവുണ്ടായി. സെപ്തംബറിലും സമാനമായ പ്രവണതയാണ് ഉണ്ടായിരിക്കുന്നത്. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി കൂടിയാണ് നടപടി കൈക്കൊള്ളുന്നതെന്ന് രത്ന, ആഭരണ വ്യവസായികളുടെ സർക്കുലറിൽ പറയുന്നു.
ഡിസംബർ 15 വരെ നിറുത്തിവയ്ക്കാനാണ് ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്. സ്ഥിതിഗതികൾ ഡിസംബർ ആദ്യവാരം വീണ്ടും അവലോകന ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |