ന്യൂഡൽഹി: കോർപ്പറേറ്റ് കാര്യ മന്ത്രാലയവും (എം.സി.എ) സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും (സെബി) ഒരു ഓഹരിയുടെ നിശ്ചിത ഭാഗത്തിൽ നിക്ഷേപിക്കാൻ അവസരം (ഫ്രാക്‌ഷണൽ ഷെയർ)അനുവദിക്കുന്നത് പരിഗണിക്കുന്നു. സെബി ഇതിന് അനുകൂല നിലപാട് സ്വീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞവർഷം കമ്പനി ലോ കമ്മറ്റിയാണ് ഫ്രാക്ഷണൽ ഷെയറുകൾ അനുവദിക്കുന്നതിനുള്ള നിർദേശം മുന്നോട്ടുവച്ചത്.
ഗുണങ്ങൾ
ഫ്രാക്‌ഷണൽ ഷെയറുകൾ അനുവദിക്കുന്നതിലൂടെ ഉയർന്ന മൂല്യമുള്ള കമ്പനികളുടെ ഓഹരികളിൽ നിശ്ചിത ഭാഗം കുറഞ്ഞ വിലയിൽ വാങ്ങാൻ നിക്ഷേപകർക്ക് കഴിയും. പുതിയ തീരുമാനം നിലവിൽവന്നാൽ ഉയർന്ന മൂല്യമുള്ള ഓഹരികളുടെ ഇടപാട് വർദ്ധിപ്പിക്കാനും അതിലൂടെ ലിക്വിഡിറ്റി കൂട്ടാനും സാധിക്കും. ഇതിനായി ഒരു ഓഹരിയുടെ പത്തിൽ ഒന്ന്, അല്ലെങ്കിൽ അഞ്ചിൽ ഒന്ന് മൂല്യത്തിൽ പോലും ഇടപാട് നടത്താൻ അനുമതി ലഭിക്കും. ഇതോടെ ചെറുകിട നിക്ഷേപകർക്ക് ഉയർന്ന വിലയുളള ഓഹരികളിലെ നിക്ഷേപം എളുപ്പമാകും.
നിയമഭേദഗതി
ഫ്രാക്‌ഷണൽ ഷെയറുകൾ അനുവദിക്കുന്നതിന് കമ്പനി നിയമത്തിലും ഭേദഗതി വേണ്ടിവരും. കോർപറേറ്റ് കാര്യ മന്ത്രാലയവും സെബിയും ഇതുസംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ലിസ്റ്റ് ചെയ്ത കമ്പനികൾക്കും ചെയ്യാത്ത കമ്പനികൾക്കും ഒരുപോലെയാകും നിയമം ഭേദഗതി ചെയ്യുക. എന്നാൽ ലിസ്റ്റ് ചെയ്ത കമ്പനികൾക്കാകും കൂടുതൽ പ്രയോജനം ചെയ്യുക.
ഓഹരി പല ഭാഗങ്ങളായി വീതിച്ച് നിക്ഷേപം നടത്താൻ ഫ്രാക്‌ഷണൽ ഷെയർ അനുവദിക്കുന്നതിലൂടെ ലഭിക്കും. ചെറുകിട നിക്ഷേപകരുടെ ഓഹരി വിപണി പങ്കാളിത്തം വർധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. എം.ആർ.എഫ്, ഹണിവെൽ ഓട്ടോമേഷൻ ഇന്ത്യ ലിമിറ്റഡ്, പേജ് എന്നിവയാണ് ഇന്ത്യയിലെ ഉയർന്ന മൂല്യമുള്ള ഓഹരികൾ. നിലവിൽ യു.എസ്, കാനഡ, ജപ്പാൻ എന്നിവിടങ്ങളിലെ വിപണികളിൽ ഫ്രാക്‌ഷണൽ ഷെയർ സംവിധാനമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |