@ 8.25 ലക്ഷം പിഴ
കോഴിക്കോട് : തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ എട്ട് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 799 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. വിവിധ സ്ഥാപനങ്ങൾക്ക് 8.25 ലക്ഷം പിഴ ചുമത്തി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് പ്രകാരം നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങളായ ക്യാരി ബാഗുകൾ, ഗ്ലാസുകൾ, ഇയർ ബഡുകൾ, സ്പൂണുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ക്യു ആർ കോഡില്ലാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തു. കോഴിക്കോട് കോർപ്പറേഷൻ, പേരാമ്പ്ര, കൊയിലാണ്ടി, ഒളവണ്ണ, വടകര, രാമനാട്ടുകര, പെരുവയൽ, കുന്ദമംഗലം എന്നിവിടങ്ങളിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടർമാരുടെയും ഇന്റേണൽ വിജിലൻസ് ഓഫീസർമാരുടെയും നേതൃത്വത്തിൽ പരിശോധന നടന്നത്.
കല്യാണ മണ്ഡപങ്ങൾ, ആശുപത്രികൾ, മാളുകൾ, വ്യാപാര സമുച്ചയങ്ങൾ, സ്‌കൂളുകൾ, വൻകിട വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തി. മാലിന്യ സംസ്‌കരണം, മലിനജല സംസ്കരണ പ്ലാന്റ് ഉൾപ്പെടെയുള്ള മാലിന്യ സംവിധാനങ്ങൾ പരിശോധിച്ചു. അപാകതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പിഴ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടക്കണം. ഒരാഴ്ചക്കകം പിഴ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും.
തുടർപരിശോധനകൾ ഉണ്ടാവും. നിലവിൽ കണ്ടെത്തിയ അപാകതകൾ പരിഹരിക്കുന്നതും പിഴ അടക്കുന്നതും ജില്ലാതലത്തിൽ മോണിറ്റർ ചെയ്ത് തുടർനടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോ.ഡയറക്ടർ പി.എസ്. ഷിനോ അറിയിച്ചു. വ്യാപാരികൾ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽപ്പന നടത്തുമ്പോൾ ക്യു ആർ കോഡ് ഉണ്ടെന്ന് ഉറപ്പുവരുത്തി സർട്ടിഫിക്കേഷൻ ബോധ്യപ്പെടുത്തണമെന്നും അറിയിച്ചു.
പരിശോധനയ്ക്ക് പൂജ ലാൽ, ഗൗതം, അസി.ഡയറക്ടർമാരായ ജോർജ് ജോസഫ്, സരുൺ ഇന്റേണൽ വിജിലൻസ് ഓഫീസർമാരായ എ. രാജേഷ്, പി. ചന്ദ്രൻ, എ. എൻ .അഭിലാഷ്, ടി. ഷാഹുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |