ഇംഫാൽ: കാണാതായ മെയ്തി വിഭാഗക്കാരായ വിദ്യാർത്ഥികൾ കൊല്ലപ്പെട്ട വിവരം പുറത്തുവന്നതിനു പിന്നാലെ മണിപ്പൂരിൽ വ്യാപക സംഘർഷം. ഇന്നലെ മുഖ്യമന്ത്രി എൻ. ബീരേൻ സിംഗിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയ ജനക്കൂട്ടം അക്രമം അഴിച്ചുവിട്ടു. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചവർക്കു നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്പെഷ്യൽ ഡയറക്ടർ അജയ് ഭട്‌നഗറിന്റെ നേതൃത്വത്തിലുള്ള
പത്തംഗ സി.ബി.ഐ സംഘം ഇന്നലെ മണിപ്പൂരിലെത്തി.
അതിനിടെ, സായുധസേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന നിയമം (അഫ്‌സ്‌പ) ഒക്ടോബർ ഒന്ന് മുതൽ ആറ് മാസത്തേക്ക് കൂടി നീട്ടി. 19 പൊലീസ് സ്റ്രേഷനുകൾ ഈ പരിധിയിൽ പെടില്ല.
ഇന്നലെ ആയിരക്കണക്കിന് വിദ്യാർത്ഥികളും ജനങ്ങളുമാണ് തെരുവിലിറങ്ങിയത്. പൊലീസ് ലാത്തിച്ചാർജ്ജിൽ പെൺകുട്ടികളുൾപ്പെടെ 45ലധികം പേർക്ക് പരിക്കേറ്രു, അക്രമ സാദ്ധ്യകളുള്ളതിനാൽ പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചു. അഞ്ച് ദിവസത്തേക്ക് മൊബൈൽ, ഇന്റർനെറ്ര് സേവനങ്ങൾ നിറുത്തിവച്ചു. നാളെ വരെ വിദ്യാലയങ്ങൾ തുറക്കില്ല. അതിനിടെ, കുക്കി വിഭാഗക്കാരെ മാനഭംഗപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവങ്ങളിൽ അന്വേഷണം വൈകുന്നതിനെതിരെ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം പ്രതിഷേധം സംഘടിപ്പിച്ചു.
മണിപ്പൂരിൽ സ്ഥിതി ഗുരുതരമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ സിംഗിനെതിരെയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ രംഗത്തെത്തി. കാര്യശേഷിയില്ലാത്ത മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു. 147 ദിവസമായി മണിപ്പൂരിലെ ജനങ്ങൾ ദുരിതമനുഭവിക്കുന്നു. എന്നാൽ, പ്രധാനമന്ത്രിക്ക് സംസ്ഥാനം സന്ദർശിക്കാൻ സമയമില്ല, ഖാർഗെ പറഞ്ഞു. കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയാണെന്നും സർക്കാരിന്റെ നിഷ്ക്രിയത്വത്തിൽ ലജ്ജിക്കണമെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു. കുറ്രവാളികളെ പിടികൂടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ച് പ്രവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ് അവകാശപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |