ഭോപ്പാൽ: മാനഭംഗത്തിനിരയായ 12കാരി വസ്ത്രം പോലുമില്ലാതെ സഹായത്തിനായി അലഞ്ഞത് കിലോമീറ്ററുകളോളം. വീടുകൾ കയറിയിറങ്ങിയിട്ടും ആരും സഹായത്തിനെത്തിയില്ല. ഒടുവിൽ ഒരു സന്യാസി ഇടപെട്ട് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. മദ്ധ്യപ്രദേശിലെ ഉജ്ജയിനിലാണ് രാജ്യത്തെ നടുക്കിയ സംഭവം. പെൺകുട്ടി വീടുകൾ കയറിയിറങ്ങി സഹായം ചോദിക്കുന്നതിന്റെയും ആട്ടിയോടിക്കപ്പെടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ചിലർ പെൺകുട്ടിയെ നോക്കിനിൽക്കുകയും ആട്ടിയോടിക്കുകയും ചെയ്തു. പെൺകുട്ടി ഒടുവിൽ ഒരു ആശ്രമത്തിലെത്തുകയായിരുന്നു. സന്യാസി വസ്ത്രം നൽകുകയും പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു. പരിശോധനയിൽ കുട്ടി മാനഭംഗത്തിനിരയായെന്ന് സ്ഥിരീകരിച്ചു. പരിക്ക് ഗുരുതരമാണെന്ന് അറിയിച്ചതോടെ കുട്ടിയെ ഇൻഡോറിലെ ആശുപത്രിയിലേക്ക് മാറ്രി. രക്തം ആവശ്യമായി വന്നപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ മുന്നോട്ടുവരികയും രക്തം നൽകുകയും ചെയ്‌തെന്ന് അധികൃതർ അറിയിച്ചു. പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ എത്രയും വേഗം കണ്ടെത്തുമെന്നും അന്വേഷണം ഊർജ്ജിതമായി നടക്കുന്നെന്നും പൊലീസ് പറഞ്ഞു. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. പെൺകുട്ടി ആരാണെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അറിയാനുണ്ടെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |