മൂന്നാർ: 2007ൽ ഉണ്ടായത് പോലെ മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ വീണ്ടും ഒരു ദൗത്യസംഘം മലകയറുമോ. മൂന്നാർ മേഖലയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ രണ്ട് ദിവസത്തിനകം പുതിയ ടാസ്ക് ഫോഴ്സിന് രൂപം നൽകുമെന്ന് സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് വീണ്ടും ദൗത്യസംഘത്തിന്റെ വരവ് ചർച്ചയായിരിക്കുന്നത്. ഭരണ കക്ഷിയായ സി.പി.എം തന്നെയാണ് ഇതിനെതിരെ ആദ്യം രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്. ഇപ്പോൾ മൂന്നാറിൽ ദൗത്യസംഘത്തിന്റെ ആവശ്യമൊന്നുമില്ലെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞത്. ദൗത്യസംഘത്തിന്റെ അനിവാര്യതയൊന്നും മൂന്നാറിലില്ല. സംഘം വന്നാലും ഒഴിപ്പിക്കലൊന്നും നടക്കില്ലെന്നും കടുപ്പിച്ചാണ് ജില്ലാ സെക്രട്ടറി പറയുന്നത്. കൈയേറ്റം ഉണ്ടോയെന്ന് പരിശോധിക്കാൻ മാത്രമാണ് ദൗത്യസംഘം വേണ്ടതെന്നുമാണ് സി.പി.എമ്മിന്റെ നിലപാട്. അതേസമയം ജില്ലയിലെ പ്രതിപക്ഷ കക്ഷികൾ ഇതുവരെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.
മൂന്നാർ മേഖലയിൽ 310 കൈയേറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 70 കേസുകളിലാണ് അപ്പീൽ നിലവിലുള്ളത്. അപ്പീലുകളിൽ കളക്ടർ രണ്ട് മാസത്തിനുള്ളിൽ തീരുമാനമെടുക്കും. ശേഷിച്ച കേസുകളിൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയാണ് ദൗത്യസംഘത്തിന്റെ ചുമതല. വീട് നിർമ്മിക്കാൻ ഒരു സെന്റിൽ താഴെ മാത്രമാണ് ഭൂമി കൈയേറിയിട്ടുള്ളതെങ്കിൽ അതിനു പട്ടയം നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഇവരുടെ ലിസ്റ്റ് പ്രത്യേകം നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂരിലെ വൺ എർത്ത് വൺ ലൈഫ് എന്ന സംഘടനയടക്കം നൽകിയ ഹർജികളിലാണ് സർക്കാർ വിശദീകരണം. കൈയേറ്റം ഒഴിപ്പിക്കൽ നടപടി വ്യക്തമാക്കുന്ന പട്ടിക തിരിച്ചുള്ള വിവരങ്ങൾ നൽകാൻ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്. ഹർജികൾ രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
മൂന്നാർ മേഖലയിൽ കൈയേറി നിർമ്മിച്ച കെട്ടിടങ്ങളിൽ റിസോർട്ടുകളോ മറ്റോ പ്രവർത്തിക്കുന്നുണ്ടെങ്കിൽ നിറുത്തിവയ്പിക്കാൻ പൊലീസിനടക്കം നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് ജില്ലാ കളക്ടർ കോടതിയിൽ വ്യക്തമാക്കിയത്. ജില്ലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കാനാവാത്ത ദുരന്ത സാദ്ധ്യതയുള്ള മേഖലകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത്തരം മേഖലകൾ കണ്ടെത്താൻ കഴിയുന്നില്ലെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ അറിയിച്ചത്.
ആദ്യ ദൗത്യം 2007ൽ
മൂന്നാറിലെ കൈയേറ്റങ്ങൾക്കെതിരെ നിയമ നടപടികൾ ആദ്യം വാർത്തയിൽ വന്നത് 2007ൽ ആയിരുന്നു. അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ചുമതല കെ. സുരേഷ്‌കുമാർ, ഋഷിരാജ് സിങ്, രാജു നാരായണസ്വാമി എന്നിവർക്കാണ് നൽകിയത്. സി.പി.എം നേതാക്കന്മാരുടെ കൈയേറ്റങ്ങൾക്കെതിരെയും കൈയേറ്റ സ്ഥലത്തുള്ള സി.പി.ഐ ഓഫിസിനെതിരെയും നടപടി വന്നതോടെ രാഷ്ട്രീയ വിവാദമായി. മേയിൽ തുടങ്ങിയ ഒഴിപ്പിക്കൽ നടപടി ജൂണിൽ അവസാനിപ്പിക്കുകയായിരുന്നു.
'മൂന്നാറിൽ ഇപ്പോൾ ദൗത്യസംഘത്തിന്റെ അനിവാര്യത ഇല്ലല്ലോ. അവിടെ ആരുടെയെങ്കിലും കൈയേറ്റം ഒഴിപ്പിക്കാനല്ല കോടതി പറഞ്ഞത്. ഈ പറഞ്ഞ പ്രദേശങ്ങളിൽ മറ്റു മാർഗങ്ങളില്ലാതെ വീടുവച്ചും മറ്റും താമസിക്കുന്ന ആളുകളുണ്ടോയെന്ന് പരിശോധിക്കാനാണ് കോടതി നിർദേശിച്ചത്. ആ പരിശോധനയ്ക്കായി വരുന്നവരാണോ ദൗത്യസംഘം? എല്ലാം ഇടിച്ചുപൊളിക്കുന്നതിനു വേണ്ടിയാണോ ദൗത്യസംഘം വരുന്നത്? അങ്ങനെയൊന്നുമില്ലല്ലോ. അതുകൊണ്ട് ഇടിച്ചുപൊളിക്കലൊന്നും നടക്കുന്ന കാര്യമല്ല. അവിടെ പൊളിക്കുന്ന പ്രശ്‌നമില്ലല്ലോ. നടക്കാത്ത ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത് എന്തിനാണ്?''
- സി.വി. വർഗീസ് (സി.പി.എം ജില്ലാ സെക്രട്ടറി)
വി.എസിന്റെ പൂച്ചകൾ: ആദ്യ മൂന്നാർ ദൗത്യത്തിന്റെ തലവന്മാരായിരുന്ന സുരേഷ് കുമാർ, രാജുനാരായണ സ്വാമി ഋഷിരാജ് സിംഗ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |