തൊടുപുഴ: സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രസർക്കാരും നിക്ഷിപ്ത താത്പര്യക്കാരും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും നടത്തുന്ന ശ്രമങ്ങൾ സഹകാരികൾ തിരിച്ചറിയണമെന്ന് പ്രൈമറി അഗ്രികൾച്ചറൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ (പാക്സ്) ജില്ലാ കമ്മറ്റി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചില സഹകരണസ്ഥാപനങ്ങളിൽ നടന്നിട്ടുള്ള ഒറ്റപ്പെട്ട ക്രമക്കേടുകൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. അത്തരം സ്ഥാപനങ്ങളിൽ നിക്ഷേപകന്റെ പണം നഷ്ടപ്പെടാതിരിക്കാനുള്ള നടപടികൾ സർക്കാർ തന്നെ സ്വീകരിച്ചിട്ടുണ്ട്. വാണിജ്യ ബാങ്കുകളിലേത് പോലെ തന്നെ അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് സഹകരണ നിക്ഷേപ ഗാരന്റി ബോർഡ് സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതിന് പുറമെ പ്രതിസന്ധിയിലാകുന്ന സംഘങ്ങളെ സംരംക്ഷിക്കാൻ പുനരുദ്ധാരണ നിധി രൂപീകരിച്ചു. ഇതിനായി 1200 കോടി രൂപ സജ്ജമാക്കിയിട്ടുണ്ട്. സഹകരണ വികസനക്ഷേമനിധി ബോർഡിൽ നിന്ന് ധനസഹായം നൽകുന്ന പദ്ധതിയും നിലവിലുണ്ട്. സഹകരണ ബാങ്കുകളിലെ ക്രമക്കേടിനുള്ള സാധ്യത പരിപൂർണ്ണമായി ഇല്ലാതാക്കുന്നതിനും സഹകരണപ്രസ്ഥാനങ്ങളുടെ പുരോഗതിക്കും ആധുനികവത്കരണത്തിനും വേണ്ടി സഹകരണ നിയമഭേദഗതി നിയമസഭ പാസാക്കി കഴിഞ്ഞു. വസ്തുതകൾ ഇതായിരിക്കെ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഹകരണ മേഖലയ്‌ക്കെതിരെ വാർത്തകളുടെ കുത്തൊഴുക്കുകൾ സൃഷ്ടിക്കുന്നത് ഈ മേഖലയെ തകർക്കുക എന്ന ലക്ഷ്യത്തിലാണ്. സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള നീക്കതിനെതിരെ സഹകാരികൾ രംഗത്തിറങ്ങും. ജില്ലയിലെ സഹകരണപ്രസ്ഥാനങ്ങളിൽ ഏറിയ പങ്കും കൃഷിക്കാർക്ക് വേണ്ടിയുള്ള സംരംഭങ്ങൾ ഏറ്റെടുത്ത് നടത്തുന്നവയാണ്. കാർഷിക നഴ്‌സറികൾ, വളം ഡിപ്പോകൾ, തേയിലഫാക്ടറികൾ, ഏലം സ്റ്റോറുകൾ, ഇക്കോഷോപ്പുകൾ, ഫാർമേഴ്‌സ് സർവ്വീസ് സെന്ററുകൾ, മണ്ണ് പരിശോധനാ കേന്ദ്രങ്ങൾ, കാർഷികോൽപ്പന്നങ്ങളുടെ സംഭരണണ യൂണിറ്റുകൾ, അഗ്രികോപ്പ് മാർട്ടുകൾ എന്നിവയ്ക്ക് പുറമെ ആശുപത്രി കൾ, നീതി മെഡിക്കൽ സ്റ്റോറുകൾ, മെഡിക്കൽ ലാബുകൾ, സൂപ്പർമാർക്കറ്റുകൾ, ആമ്പുലൻസ് സർവ്വീസുകൾ, ടൂറിസം മേഖലയിലുള്ള ഇടപെടലുകൾ, ഉത്സവകാല ചന്തകൾ തുടങ്ങിയവയെല്ലാം സഹകരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് വേണ്ടി ഏറ്റെടുത്ത് നടത്തുന്നു. പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട ആളുകൾക്ക് 242 വീടുകൾ സഹകരണവകുപ്പ് നടപ്പിലാക്കിയ കെയർ ഹോം പദ്ധതി പ്രകാരം ജില്ലയിൽ മാത്രം നിർമ്മിച്ച് നൽകിയിട്ടുണ്ട്. സാമൂഹ്യ സുരക്ഷാപെൻഷനുകൾ ജില്ലയിലെ സഹകരണ സ്ഥാപനങ്ങൾ വഴി വീടുകളിലെത്തി ഗുണഭോക്താക്കളുടെ കൈകളിലെത്തിച്ച് കൊടുക്കുന്നത് പ്രതിവർഷം 64.36 കോടി രൂപയാണ്. മാരക രോഗബാധിതരായ സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് നൽകുന്ന ധനസഹായമായ അംഗസമാശ്വാസ നിധിയിലൂടെ ഒരു വർഷത്തിനുള്ളിൽ 3 കോടി 64 ലക്ഷം രൂപ നൽകിയിട്ടുണ്ട്. സഹകരണമേഖലയുടെ കരുത്ത് ഇല്ലാതാക്കി കോർപ്പറേറ്റുകളെ സഹായിക്കാൻ സഹകരണത്തിന് മേൽ കേന്ദ്രനിയമങ്ങളും നിയന്ത്രണങ്ങളും കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങൾ ഒറ്റകെട്ടായി പടുത്തുയർത്തിയ സഹകരണ പ്രസ്ഥാനങ്ങൾക്കെതിരെയുള്ള കുപ്രചരണങ്ങളെ പ്രതിരോധിക്കാൻ ഒക്ടോബർ ഒന്ന് മുതൽ 15 വരെ സഹകാരികളും ജീവനക്കാരും സഹകരണ വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിൽ ഭവനസന്ദർശന പരിപാടി നടത്താൻ പാക്‌സ് അസോസിയേഷൻ തീരുമാനിച്ചു. വാർത്താസമ്മേളനത്തിൽ പാക്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, പ്രസിഡന്റ് കെ. ദീപക്, ടോമി കാവാലം, സുരേഷ് ബാബു, ആർ. പ്രശോഭ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |