ന്യൂഡൽഹി: ഖാലിസ്ഥാൻ ബന്ധമുള്ള മാഫിയാ, ഗുണ്ടാ സംഘങ്ങളെയും മയക്കുമരുന്ന് കടത്തുകാരെയും ലക്ഷ്യമിട്ട് രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) റെയ്‌ഡ്. വൻതോതിൽ തോക്കുകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു.
ഇന്നലെ പുലർച്ചെ മുതൽ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ഡൽഹി, ചണ്ഡീഗഢ് എന്നിവിടങ്ങളിലുമായി 53 സ്ഥലങ്ങളിൽ ഒരേസമയം നടന്ന റെയ്ഡിൽ നിരവധിപേർ അറസ്റ്റിലായി. എൻ.ഐ.ഐയുടെ പട്ടികയിലുള്ള കൊടുംകുറ്റവാളികളായ അർഷ് ദല്ല, ലോറൻസ് ബിഷ്‌ണോയ്, ദവീന്ദർ ബാംബിഹ, സുഖ ദുനെകെ, ഹാരി മൗർ, നരേന്ദർ അക്ക ലാലി, കാല ജാതേരി, ദീപക് ടിനു എന്നിവരുമായി ബന്ധമുള്ള കുറ്റവാളി സംഘങ്ങൾ, ആയുധ വിതരണക്കാർ, ധനസഹായം നൽകുന്നവർ, വാഹനങ്ങളും മറ്റും നൽകുന്നവർ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്.
പഞ്ചാബിൽ മാത്രം 30 ഇടങ്ങളിൽ റെയ്ഡ് നടന്നു. പാകിസ്ഥാൻ, യു.എ.ഇ, കാനഡ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മയക്കുമരുന്ന് കടത്തുകാരുമായും ഭീകരരുമായും ഈ സംഘങ്ങൾക്ക് ബന്ധമുണ്ട്. സംഘടിത ക്രിമിനൽ സംഘങ്ങൾക്കെതിരെ 2022 ആഗസ്റ്റിൽ അഞ്ചും 2023 ജൂലായിൽ രണ്ടു കേസുകളും എൻ.ഐ.എ രജിസ്റ്റർ ചെയ്തിരുന്നു. ഖാലിസ്ഥാൻ സംഘടനകളുമായി ബന്ധമുള്ള കുറ്റവാളികൾ വിവിധ സംസ്ഥാനങ്ങളിലെ ജയിലിരുന്ന് ഗൂഢാലോചന നടത്തി പാകിസ്ഥാൻ, കാനഡ, മലേഷ്യ, പോർച്ചുഗൽ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ കുറ്റവാളികളുടെ സഹായത്തോടെ നടപ്പാക്കുന്നതാണ് രീതിയെന്ന് എൻ.ഐ.എ അറിയിച്ചു. മഹാരാഷ്ട്രയിലെ ബിൽഡർ സഞ്ജയ് ബിയാനി, ഖനന വ്യാപാരി മെഹൽ സിംഗ്, അന്താരാഷ്ട്ര കബഡി താരം സന്ദീപ് നംഗൽ അംബിയ എന്നിവരെ കൊലപ്പെടുത്തിയത് ഇത്തരം ഗൂഢാലോചനകളിലൂടെയാണ്. കഴിഞ്ഞ വർഷം സമാനമായ രീതിയിൽ 370 ഇടങ്ങളിൽ എൻ.ഐ.എ റെയ്ഡ് നടത്തിയിരുന്നു.
കാനഡയെ തള്ളി ജയശങ്കർ
ന്യൂയോർക്ക് : ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറുടെ വധത്തിൽ കാനഡ ഇന്ത്യക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തള്ളിയും ഭീകരരെ സംരക്ഷിക്കുന്ന കനേഡിയൻ നയത്തെ കടന്നാക്രമിച്ചും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉന്നയിച്ച വാദങ്ങൾ തെറ്റാണെന്നും ഇന്ത്യയുടെ നയം അതല്ലെന്നും ന്യൂയോർക്കിൽ നടന്ന കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് പരിപാടിക്കിടെ മാദ്ധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു. വ്യക്തമായ തെളിവുകൾ കാനഡ കൈമാറിയാൽ പരിശോധിക്കാൻ തയ്യാറാണെന്നും കാനഡയോട് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഏതാനും വർഷങ്ങളായി കാനഡയിൽ ഉയരുന്ന സംഘടിത കുറ്റകൃത്യങ്ങൾ കാനഡയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
നിജ്ജർ വധത്തിനു പിന്നിൽ ഐ.എസ്.ഐ എന്ന് ആരോപണം
ഒട്ടാവ : ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറുടെ വധത്തിന് പിന്നിൽ പാകിസ്ഥാനി ചാര സംഘടന ഐ.എസ്.ഐ എന്ന് ആരോപണം. ചില ഇന്ത്യൻ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യാ - കാനഡ ബന്ധത്തിൽ ഭിന്നതയുണ്ടാക്കാൻ ഐ.എസ്.ഐ ബോധപൂർവം നടത്തിയ നീക്കമാണിതെന്നാണ് സൂചന.റാഹത്ത് റാവു, താരിഖ് കിയാനി എന്നിവരാകാം നിജ്ജറിന്റെ വധത്തിന് പിന്നിലെന്ന് കരുതുന്നു. ഐ.എസ്.ഐയ്ക്ക് വേണ്ടി കാനഡയിൽ ദൗത്യങ്ങൾ നടത്തുന്നത് ഇവരുടെ നേതൃത്വത്തിലാണെന്നും റിപ്പോർട്ട് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |