ന്യൂഡൽഹി: മോഷണക്കുറ്റം ആരോപിച്ച് മാനസിക വിഭ്രാന്തിയുള്ള യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഇന്നലെ രാവിലെ
വടക്കുകിഴക്കൻ ഡൽഹിയിലെ സുന്ദർ നഗരിയിലായിരുന്നു സംഭവം. ഇസ്രാർ അഹമ്മദാണ് (26) ക്രൂരമായി കൊല്ലപ്പെട്ടത്. ഇയാളെ ഒരു സംഘം തൂണിൽ കെട്ടിയിട്ട് വടികളുപയോഗിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചു. ആളുകൾ മാറിമാറി വടികൊണ്ട് അടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
ഇസ്രാർ കരഞ്ഞപേക്ഷിച്ചിട്ടും മർദ്ദനം തുടർന്നു. അവശനിലയിലായ ഇസ്രാറിനെ അയൽവാസികൾ വീടിനു മുമ്പിൽ വിട്ടു. പിതാവ് അബ്ദുൾ വാജിദ് വൈകിട്ട് എത്തിയപ്പോഴാണ് മകൻ അവശനായി കിടക്കുന്നത് കണ്ടത്. ശരീരമാസകലം മുറിവേറ്റിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകും മുമ്പ് ഇസ്രാർ മരിച്ചെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു.
ഇസ്രാർ ക്ഷേത്രത്തിൽ കയറി പ്രസാദം മോഷ്‌ടിച്ചതിനാണ് തല്ലിയതെന്ന് പറയുന്നുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ആക്രമിച്ചവരിൽ വിവിധ സമുദായത്തിൽപ്പെട്ടവർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം. സംഭവത്തിൽ കേസെടുത്തെന്നും ചില പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |