ഹർജി ആദ്യം ലിസ്റ്റ് ചെയ്തിരുന്ന ബെഞ്ചിലെ ജസ്റ്റിസ് എസ്.വി.എൻ ഭട്ടി പിന്മാറി
ന്യൂഡൽഹി: അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കസ്റ്രഡിയിൽ വിട്ടുകിട്ടണമെന്ന സി.ഐ.ഡിയുടെ അപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് വിചാരണക്കോടതിയെ തടയാനാകില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാണ് നിലപാട് സ്വീകരിച്ചത്. കേസ് ആദ്യം ലിസ്റ്റ് ചെയ്തിരുന്ന ബെഞ്ചിലെ ജഡ്ജി പിന്മാറിയതിനെ തുടർന്ന് വിഷയം നായിഡുവിന്റെ അഭിഭാഷകൻ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കോർപറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആർ റദ്ദാക്കണമെന്നാണ് നായിഡുവിന്റെ പ്രധാന ആവശ്യം. ഇന്നലെ ജസ്റ്രിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ ഹർജി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ആന്ധ്രാപ്രദേശ് സ്വദേശിയായ ഭട്ടി കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറി. ഇതോടെ ചീഫ് ജസ്റ്റിസിനെ സമീപിച്ച് അഭിഭാഷകൻ വാദമുഖങ്ങൾ ഉന്നയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പൊലീസ് കസ്റ്റഡി ഉൾപ്പെടെയുള്ള നടപടികൾ. കേസുകൾക്ക് മേൽ കേസുകൾ കെട്ടിവയ്ക്കാനാണ് ശ്രമമെന്ന് മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര വാദിച്ചു. എന്നാൽ, കസ്റ്റഡി വിഷയത്തിൽ ഇടപെടാൻ ചീഫ് ജസ്റ്റിസ് തയ്യാറായില്ല. കോടികണക്കിന് രൂപയുടെ അഴിമതി നടന്ന വിഷയമാണെന്ന് ആന്ധ്രാപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ അഡ്വ.രഞ്ജിത് കുമാർ അറിയിച്ചു. എഫ്.ഐ.ആർ റദ്ദാക്കണമെന്ന ചന്ദ്രബാബു നായിഡുവിന്റെ ഹർജി ഒക്ടോബർ മൂന്നിന് പരിഗണിക്കും. ആന്ധാപ്രദേശിലെ പ്രതിപക്ഷ നേതാവും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ കഴിഞ്ഞ 10നാണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയായിരിക്കെ അഴിമതിക്ക് ഒത്താശ ചെയ്തെന്നും നൈപുണ്യ വികസന കോർപറേഷനിൽ നടന്ന ഫണ്ട് തിരിമറി കാരണം 300 കോടിയിലധികം രൂപയുടെ നഷ്ടം സർക്കാർ ഖജനാവിനുണ്ടായെന്നുമാണ് സി.ഐ.ഡി കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |