ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന്റെ ഔദ്യോഗിക വസതിയുടെ നിർമ്മാണത്തിൽ ടെൻഡർ ചട്ടലംഘനം ഉൾപ്പെടെയുള്ള ക്രമക്കേടുകൾ നടന്നതായുള്ള ആരോപണങ്ങളിൽ സി.ബി.ഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഡൽഹി സർക്കാർ ഉദ്യോഗസ്ഥരെ പ്രതിചേർത്തുള്ള അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടാൽ സാധാരണ കേസ് രജിസ്റ്റർ ചെയ്യുമെന്നും സി.ബി.ഐ അറിയിച്ചു.
കെട്ടിട നവീകരണത്തിനുള്ള അനുമതി രേഖകൾ ലഭ്യമാക്കാൻ സി.ബി.ഐ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കത്തയച്ചു. ബിൽഡിംഗ് പ്ലാനിന്റെ അംഗീകാരം, തറയിൽ മാർബിൾ പാകിയതിന് കരാറു കാരന് നൽകിയ പ്രതിഫലം, നിർമ്മാണ ജോലികൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നൽകിയ അപേക്ഷകൾ തുടങ്ങിയ രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്.
ഔദ്യോഗിക വസതി നവീകരണത്തിനായി ആംആദ്‌മി പാർട്ടി 45 കോടി രൂപ ചെലവിട്ടെന്നും രാഷ്ട്രീയത്തിൽ ലളിതമായ ജീവിതം വാഗ്‌ദാനം ചെയ്‌ത കേജ്‌രിവാൾ ജനത്തെ വഞ്ചിച്ചെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. വസതിയിൽ വിയറ്റ്‌നാമിൽ നിന്നുള്ള മാർബിൾ ഘടിപ്പിച്ചിട്ടുണ്ടെന്നും മുറികൾ മോടിപിടിപ്പിക്കാൻ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ ഉപയോഗിച്ചെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി. കർട്ടനുകൾക്ക് 8 ലക്ഷം രൂപ ചിലവായെന്നും അവർ പറഞ്ഞു. വസതിക്കെതിരായ വാർത്തകൾ ഒതുക്കാൻ മാദ്ധ്യമങ്ങൾക്ക് 50 കോടി രൂപ വരെ വാഗ്ദാനം ചെയ്തെന്നും ബി.ജെ.പി ആരോപിച്ചു.
1942-ൽ പണിത ബംഗ്ലാവിൽ അറ്റകുറ്റപ്പണി അനിവാര്യമായിരുന്നുവെന്ന് ആംആദ്‌മി പാർട്ടി വിശദീകരിക്കുന്നു. മാതാപിതാക്കളുടെ മുറിയുടെ അടക്കം മേൽക്കൂരയിൽ നിന്ന് സ്ളാബ് പൊളിഞ്ഞ് താഴെ വീണു. ആറ് ഏക്കറിൽ പരന്നുകിടക്കുന്ന ലെഫ്റ്റനന്റ് ഗവർണറുടെ ബംഗ്ലാവിന്റെ അറ്റകുറ്റപ്പണിക്ക് ഇതിലുമേറെ തുക ചെലവായെന്നും പാർട്ടി ചൂണ്ടിക്കാട്ടി.
പാർട്ടിയെ തകർക്കാൻ ബി.ജെ.പി സർവശക്തിയും ഉപയോഗിക്കുകയാണെന്ന് ച്ചെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു. കേജ്‌രിവാളിനെതിരെ ഇതുവരെ 50-ലധികം കേസുകൾ ഫയൽ ചെയ്തെങ്കിലും ഒന്നും പുറത്തുവന്നിട്ടില്ല. ബി.ജെ.പി എത്ര അന്വേഷണം നടത്തിയാലും കേജ്‌രിവാൾ സാധാരണക്കാരുടെ താൽപ്പര്യങ്ങൾക്കായി പോരാടുന്നത് തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |