തിരുവനന്തപുരം: മകന്റെ ഭാര്യയ്ക്ക് മെഡിക്കൽ ഓഫീസറായി നിയമനം കിട്ടാൻ കോഴ നൽകിയെന്ന് ആവർത്തിച്ച് പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസൻ.
കോഴ നൽകുന്നത് കുറ്റകരമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ഇക്കാര്യം പറയുന്നത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോട് പരാതി പറഞ്ഞപ്പോഴും കാര്യങ്ങൾ അവിടം കൊണ്ട് തീരണമെന്നാണ് പറഞ്ഞത്. പക്ഷേ നടപടിയുണ്ടായില്ല.
മന്ത്രിക്ക് രേഖാമൂലം പരാതി നൽകിയിട്ടും ഫലമില്ലാതായതോടെയാണ് സംഭവം പുറത്തേക്ക് വന്നതെന്നും ഹരിദാസൻ പറഞ്ഞു. ഇന്നലെ പൊലീസിന് തെളിവ് സഹിതം എല്ലാ വിവരങ്ങളും കൈമാറിയിട്ടുണ്ട്.
ജോലിക്ക് ഓൺലൈനായാണ് അപേക്ഷിച്ചത്. അപേക്ഷയിലെ വിലാസം നോക്കിയെടുത്താണ് അഖിൽ സജീവ് നേരിട്ട് വന്നത്.
അഖിൽ മാത്യുവിന്റെ ഫോട്ടോ തന്റെ കൈയിലുണ്ട്. അഖിൽ സജീവ് ഒരിക്കൽ വന്നപ്പോൾ അഖിൽ മാത്യുവിന്റെ ചിത്രം കാണിച്ചിരുന്നു. ആ ഫോട്ടോയിലുള്ള ആളുതന്നെയാണ് സെക്രട്ടേറിയറ്റിൽ പണം വാങ്ങാൻ വന്നത്. മന്ത്രിയുടെ ഓഫീസിൽ നിന്ന് തന്നെയാണ് വന്നത്. പണം വാങ്ങിയ ശേഷം മറ്റൊന്നും പറഞ്ഞില്ല. ഓഫീസിലേക്ക് തന്നെയാണ് കയറിപ്പോയത്. അഖിൽ മാത്യുവിനോട് മറ്റൊന്നും സംസാരിക്കരുതെന്ന് അഖിൽ സജീവ് പറഞ്ഞിരുന്നു. ആൾമാറാട്ടം നടത്തിയതാണെന്ന് വിശ്വസിക്കുന്നില്ലെന്നും ഹരിദാസൻ പറഞ്ഞു.
പണവുമായി രണ്ടു ദിവസം
കാത്തു നിന്നു
അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ കോഴ നൽകാൻ രണ്ടു ദിവസം സെക്രട്ടേറിയറ്റിൽ കാത്തുനിന്നതായി ഹരിദാസൻ പറഞ്ഞു. പണവുമായി മന്ത്രിയുടെ ഓഫീസിലേക്ക് ചെല്ലാനാണ് പറഞ്ഞത്. ലിസ്റ്റിൽ പേരു കാട്ടിയശേഷം പണം കൈമാറിയാൽ മതിയെന്നാണ് പറഞ്ഞത്. അവിടെ വച്ച് പലവട്ടം സജീവിനെ വിളിച്ചു. ഓഫീസിലേക്ക് കയറരുതെന്നും ആരോടും ഒന്നും പറയരുതെന്നും നിർദ്ദേശിച്ചു. ലിസ്റ്റ് കാട്ടിയില്ല, പകരം നിയമന ഉത്തരവ് നൽകുമെന്ന് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |