വാഷിംഗ്ടൺ : 25ാം പിറന്നാൾ ആഘോഷിച്ച് ആഗോള സെർച്ച് എൻജിൻ ഭീമൻ ഗൂഗിൾ. 1998 സെപ്റ്റംബർ 4നാണ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞരായ ലാറി പേജ്, സെർജി ബ്രിൻ എന്നിവർ ചേർന്ന് കാലിഫോർണിയയിലെ മെൻലോ പാർക്കിൽ ഗൂഗിളിന് തുടക്കം കുറിച്ചത്. ഇരുവരും അന്ന് സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി വിദ്യാർത്ഥികളായിരുന്നു. 2002 മുതൽ സെപ്‌തംബറിൽ വ്യത്യസ്ത തീയതികളിലാണ് ഗൂഗിളിന്റെ പിറന്നാൾ ആഘോഷിക്കുന്നത്. ഇക്കൊല്ലത്തെ പിറന്നാൾ ആഘോഷം ഇന്നലെയായിരുന്നു. പിറന്നാളിനോടനുബന്ധിച്ച് പ്രത്യേക ഡൂഡിലും ഇന്നലെ ഗൂഗിൾ അവതരിപ്പിച്ചു. സമൂഹ മാദ്ധ്യമത്തിൽ ഗൂഗിളിന്റെ പിറന്നാളിനോടനുബന്ധിച്ച ഹാഷ് ടാഗുകൾ വൈറലായി. കാൽ നൂറ്റാണ്ടായി ഗൂഗിളിന് ലോകം നൽകുന്ന പിന്തുണയ്ക്ക് ഗൂഗിൾ സി.ഇ.ഒയും ഇന്ത്യൻ വംശജനുമായ സുന്ദർ പിച്ചൈ നന്ദി അറിയിച്ചു.
ആമസോൺ, ആപ്പിൾ, മെറ്റ, മൈക്രോസോഫ്റ്റ് എന്നിവയ്ക്കൊപ്പം ലോകത്തെ ഏറ്റവും വലിയ അഞ്ച് കമ്പനികളിലൊന്നാണ് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ്. സെർച്ചിനൊപ്പം ജി മെയിൽ, മാപ്പ്സ്, ക്രോം, യൂട്യൂബ്, ട്രാൻസ്‌ലേറ്റ്, ഫോട്ടോ, മീറ്റ് തുടങ്ങി ഗൂഗിളിന്റേതായ നിരവധി സേവനങ്ങളും ഇന്ന് ലോകത്തെ അവിഭാജ്യ ഘടകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |