കറാച്ചി : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ പാർട്ടി ചെയർമാനുമായ ഇമ്രാൻ ഖാനെ അറ്റോക്ക് ജയിലിൽ നിന്ന് റാവൽപിണ്ടിയിലെ അഡിയാല ജയിലിലേക്ക് മാറ്റി. ഇന്നലെ അതീവ സുരക്ഷാ അകമ്പടിയോടെയാണ് ഇമ്രാനെ രാജ്യതലസ്ഥാനമായ ഇസ്ലാമാബാദിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള അഡിയാല ജയിലിലേക്ക് മാറ്റിയത്. ഇമ്രാനെ കൂടുതൽ സൗകര്യങ്ങളുള്ള അഡിയാലയിലേക്ക് മാറ്റണമെന്ന് അദ്ദേഹത്തിന്റെ കുടുംബവും പാർട്ടി പ്രവർത്തകരും ആവശ്യപ്പെട്ടിരുന്നു.
വിദേശ സന്ദർശനങ്ങൾക്കിടെ ഉപഹാരമായി ലഭിച്ച അമൂല്യ വസ്തുക്കൾ മറിച്ച് വിറ്റ് കോടികൾ സമ്പാദിച്ചെന്ന തോഷാഖാന അഴിമതിക്കേസിൽ മൂന്ന് വർഷം തടവ് ശിക്ഷ ലഭിച്ചതോടെ ആഗസ്റ്റിലാണ് ഇമ്രാനെ അറ്റോക്ക് ജയിലിലേക്ക് മാറ്റിയത്. തോഷാഖാന കേസിലെ ഇമ്രാന്റെ ശിക്ഷ ആഗസ്റ്റ് അവസാനം ഇസ്ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചെങ്കിലും രഹസ്യരേഖാ ചോർച്ചാ കേസിൽ ജയിൽ വാസം തുടരും.
യു.എസിലെ പാക് അംബാസഡർ അയച്ച രഹസ്യവിവരങ്ങൾ ഇമ്രാൻ ചോർത്തിയെന്നും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്നുമാണ് കേസ്. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പത്ത് വർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന കേസാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |