നടൻ ജോജു ജോർജുമായുള്ള ചിത്രം പങ്കുവച്ച് എറണാകുളം ഡിസിസി അദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസ്. അന്തരിച്ച സംവിധായകൻ കെ ജി ജോർജിന്റെ മൃതദേഹം ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയതായിരുന്നു ഇരുവരും. ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ നടൻ ജോജു ജോർജ് പ്രതിഷേധിക്കുകയും തുടർന്ന് ജോജുവും കോൺഗ്രസും തമ്മിലുള്ള 'ഏറ്റുമുട്ടൽ' ചർച്ചയാവുകയും ചെയ്തിരുന്നു. ഈ സംഭവം നടന്ന് ഒരിടവേളയ്‌ക്ക് ശേഷമാണ് ഷിയാസ് ജോജുവിനെ കണ്ടത്.
വ്യക്തിവൈരാഗ്യത്തിന്റെ യാതൊരു തരിമ്പും അവശേഷിക്കാതെ സാമൂഹിക പ്രതിബദ്ധതയുടെ സംവാദത്തിന് വേദിയാകുന്നത് തന്നെയല്ലേ ജനാധിപത്യത്തിന്റെ നല്ല ലക്ഷണം എന്നാണ് ഷിയാസ് കുറിച്ചത്. തികച്ചും ന്യായമായ സമരാവശ്യം വിജയിപ്പിക്കുന്നതിൽ ജോജുവിന്റെ ഇടപെടലും കാരണമായി. നല്ലൊരു കലാകാരനായ അയാളുടെ വികാരത്തെ മാനിക്കുന്നതോടൊപ്പം യാതൊരു പ്രിവിലേജുമില്ലാത്ത സാധാരണ മനുഷ്യർക്ക് വേണ്ടിയുള്ള സമരത്തിനായിരിക്കും എന്നും കോൺഗ്രസ് മുൻഗണന. ജോജുവുമായി അന്നുമുതലുണ്ടായ പരിചയം സൗഹൃദത്തിലേക്ക് വളരുന്നതിൽ സന്തോഷമുണ്ടെന്നും ഷിയാസ് കുറിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കുറേ കാലങ്ങൾക്ക് ശേഷമാണ് ജോജുവിനെ നേരിൽ കാണുന്നത്. ഇന്ധനവില കൊള്ളക്കെതിരായ സമരമുഖത്തെ സംഭവബഹുലമായ അന്നത്തെ കൂടിക്കാഴ്ചയായിരുന്നു ഒരർത്ഥത്തിൽ ആ സമരത്തെ ദേശീയ ശ്രദ്ധയിലേക്ക് നയിച്ചത്. തികച്ചും ന്യായമായ ആ സമരാവശ്യം വിജയിക്കുന്നതിൽ ജോജുവിന്റെ ഇടപെടലും കാരണമായി. നല്ലൊരു കലാകാരനായ അയാളുടെ വികാരത്തെ മാനിക്കുന്നതോടൊപ്പം യാതൊരു പ്രിവിലേജുമില്ലാത്ത സാധാരണ മനുഷ്യർക്ക് വേണ്ടിയുള്ള സമരത്തിനായിരിക്കും എന്നും കോൺഗ്രസ് മുൻഗണന. ജോജുവുമായി അന്നുമുതലുണ്ടായ പരിചയം സൗഹൃദത്തിലേക്ക് വളരുന്നതിൽ സന്തോഷം. വ്യക്തിവൈരാഗ്യത്തിന്റെ യാതൊരു തരിമ്പും അവശേഷിപ്പിക്കാതെ സാമൂഹിക പ്രതിബദ്ധതയുടെ സംവാദത്തിന് വേദിയാകുന്നത് തന്നെയല്ലേ ജനാധിപത്യത്തിന്റെ നല്ല ലക്ഷണം. ജനകീയ സമരഭൂമി തന്നെ അതിനൊരു മൈതാനിയൊരുക്കുന്നത് അന്ധത അഭിനയിക്കുന്ന ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കുമെന്നും ഓർമ്മിപ്പിക്കുന്ന ഒരു കൂടിക്കാഴ്ചയായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |