തിരുവനന്തപുരം: ബാറിനുള്ളിൽ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചതായും പണം പിടിച്ചുപറിച്ചതായും പരാതി. അമ്പൂരി സ്വദേശിയായ മനു നായർക്കാണ് ബാറിനുള്ളിൽ യുവാക്കളുടെ മർദ്ദനമേറ്റത്. കഴിഞ്ഞദിവസം രാത്രി കാട്ടാക്കട- തിരുവനന്തപുരം റോഡിലെ ബാറിലാണ് സംഭവം നടന്നത്.
ബാറിലിരുന്ന് മദ്യപിക്കുന്നതിനിടെ 34,000 രൂപ അടങ്ങിയ പേഴ്‌സ് മനു പുറത്തെടുത്തിരുന്നു. ഇത് കണ്ടതിന് പിന്നാലെ ചിലർ കയ്യേറ്റത്തിന് ശ്രമിച്ചുവെന്നും മർദ്ദിച്ചുവെന്നുമാണ് പരാതി. പ്രകോപനമുണ്ടാകാതെ ആക്രമിക്കുകയായിരുന്നുവെന്നും പണം അക്രമികൾ കവർന്നുവെന്നും യുവാവിന്റെ പരാതിയിൽ പറയുന്നു. ആക്രമണത്തിൽ ഇയാൾക്ക് മുഖത്ത് ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം, ബാറിനുള്ളിൽ യുവാവിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചിലർ അസഭ്യം പറയുന്നതും കസേര കൊണ്ടടക്കം മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ മനുവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളും ശേഖരിച്ചു. ബാറിലെ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |