ലക്നൗ:ഉത്തർപ്രദേശിലെ മഥുരയിൽ നിറുത്തിയിട്ടിരുന്ന ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറിയ സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചു.അതിനിടെ അപകടം നടക്കുന്ന സമയത്തെ എഞ്ചിൻ റൂമിലെ സുരക്ഷാ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നു. ക്യാബിനിൽ ഉണ്ടായിരുന്ന ആളുടെ നിരുത്തരവാദപരമായ പെരുമാറ്റമാണ് അപകടത്തിന് കാരണായതെന്നാണ് കരുതുന്നത്.
സച്ചിൻ എന്ന ജീവനക്കാരൻ തന്റെ ബാഗ് എഞ്ചിന്റെ ത്രോട്ടിൽ വയ്ക്കുന്നതും തുടർന്ന് വീഡിയോ കോൾ ചെയ്യുന്നതും അല്പംകഴിഞ്ഞ് പ്ളാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറിയ ട്രെയിൻ ശക്തമായി ആടിയുലയുന്നതും ദൃശ്യത്തിൽ കാണാം.ട്രെയിനിൽ നിന്ന് എല്ലാ യാത്രക്കാരും ഇറങ്ങിയശേഷമാണ് സച്ചിൻ എഞ്ചിൻ റൂമിൽ കയറുന്നത്. വന്നപാടെ തന്റെ ഭാരമേറിയ ബാഗ് എഞ്ചിൻ ത്രോട്ടിൽ വച്ചശേഷം വീഡിയാേ കോളിൽ മുഴുകുകയാണ്. ബാഗിന്റെ ഭാരം എഞ്ചിൻ ത്രോട്ടിൽ സമ്മർദം ഉണ്ടാക്കുകയും ട്രെയിൻ മുന്നോട്ടുനീങ്ങുകയായിരുന്നു എന്നുമാണ് കരുതുന്നത്.
അപകടത്തിൽ ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും എഞ്ചിനും പ്ളാറ്റ്ഫോമിനും കേടുപാടുകളുണ്ടാവുകയും ചെയ്തു. സച്ചിൻ ഉൾപ്പടെ അഞ്ചുപേരെ സസ്പെൻഡുചെയ്തിട്ടുണ്ടെന്നും അന്വേഷണം പൂർത്തിയായാലേ അപകടത്തിന്റെ ശരിക്കുള്ള കാരണം വ്യക്തമാകൂ എന്നുമാണ് റെയിൽവേ അധികൃതർ പറയുന്നത്. അപകടസമയം സച്ചിൻ മദ്യപിച്ചിരുന്നോ എന്നും സശയമുണ്ട്. പരിശോധനയ്ക്കായി ഇയാളുടെ രക്തസാമ്പിളുകൾ എടുത്തിട്ടുണ്ട്. ഷാകൂർ ബസ്തി സ്റ്റേഷനിൽ നിന്നുവന്ന ട്രെയിൻ രാത്രി പത്തുമണിയോടെയാണ് അപകടത്തിൽപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |