ന്യൂഡൽഹി: വളർത്തുനായയെ നടത്തുന്നതിനായി സ്റ്റേഡിയത്തിൽ നിന്ന് കായിക താരങ്ങളെ ഇറക്കിവിട്ട ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിച്ച് ഡൽഹി സർക്കാർ. അധികാര ദുർവിനിയോഗം നടത്തിയതിന് സർവീസിൽ നിന്ന് സ്വയം വിരമിക്കാനാണ് സർക്കാർ ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ വർഷമാണ് റിങ്കു ദുഗ്ഗ (54 )യും ഭർത്താവും ഐഎഎസ് ഓഫീസറുമായ സഞ്ജീവ് ഖിർവാറും സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ത്യാഗരാജ് സ്റ്റേഡിയത്തിൽ നിന്ന് എത്രയും വേഗം ഒഴിയാൻ കായിക താരങ്ങളോട് ഉത്തരവിട്ടത്. ആ സമയം കായിക താരങ്ങൾ അവരുടെ പരിശീലനങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. കായികതാരങ്ങളെ സ്റ്റേഡിയത്തിൽ നിന്നും ഇറക്കി വിട്ടതിന് ശേഷം തങ്ങളുടെ വളർത്തുനായക്കൊപ്പം ഇവർ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ നടക്കാനിറങ്ങി. സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് അന്വേഷിച്ച് ഡൽഹി ചീഫ് സെക്രട്ടറി ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. റിപ്പോർട്ട് റിങ്കു ദുഗ്ഗയ്ക്കും ഭർത്താവ് സഞ്ജീവ് ഖിർവാറിനും എതിരായിരുന്നു. ഇതേത്തുടർന്ന് അടിയന്തര നടപടി എന്ന രീതിയിൽ റിങ്കു ദുഗ്ഗയെ അരുണാചൽ പ്രദേശിലേക്കും റവന്യൂ വകുപ്പിൽ ഡൽഹി പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഭർത്താവ് സഞ്ജീവ് ഖിർവാറിനെ ലഡാക്കിലേക്കും സ്ഥലം മാറ്റി.
റിങ്കു ദുഗ്ഗയും ഞ്ജീവ് ഖിർവാറും 1994 ബാച്ചിൽ ഐഎഎസ് നേടിയവരാണ്. എന്നാൽ, വിഷയത്തിൽ ദമ്പതികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |