കോഴിക്കോട്: സഹകരണ ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ വിമർശനവുമായി ബി ജെ പി നിർവാഹക സമിതിയംഗം പി കെ കൃഷ്‌ണദാസ്. കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിലായി ആകെ 5000 കോടിയുടെ മെഗാ കുംഭകോണം നടന്നിട്ടുണ്ടെന്നും പണം കട്ടവരെ സിപിഎമ്മും സംസ്ഥാന സർക്കാരും സംരക്ഷിക്കുകയാണെന്നും പി കെ കൃഷ്‌ണദാസ് ആരോപിച്ചു. കട്ടവരോട് ഇത്രമാത്രം ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'കറുത്ത വറ്റ് ഒന്നേയുള്ളൂവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ വെള്ളവറ്റിനെ ഭൂതക്കണ്ണാടിവച്ച് നോക്കിയാൽ പോലും ഇപ്പോൾ കാണില്ല. ഒരു കറുത്ത വറ്റല്ല, കലം മുഴുവൻ കറുത്തിരിക്കുകയാണ്. അതുകൊണ്ടാണ് വെളുത്ത വറ്റൊന്നും കാണാത്തത്. ഒരു കറുത്ത വറ്റ് എന്നുപറഞ്ഞാൽ ഏതെങ്കിലും ഒരു ബാങ്കിൽ നടന്ന തട്ടിപ്പ് എന്നല്ലേ? എന്നാൽ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ 2022 ജൂൺ 28ന് നിയമസഭയിൽ പ്രസ്‌താവിച്ചത് ഏതാണ്ട് 399 ബാങ്കുകളിൽ ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയെന്നും അന്വേഷണം നടക്കുകയാണ് എന്നുമാണ്. ഇത് ഒരു വർഷം മുൻപ് പറഞ്ഞതാണ്. ഇപ്പോൾ ഏതാണ്ട് 600ൽ അധികം ബാങ്കുകളിൽ തട്ടിപ്പ് നടന്നിട്ടുണ്ട്.
5000 കോടിയുടെ കുംഭകോണമാണ് നടന്നത്. ഇതിനെയാണ് ഒരു കറുത്ത വറ്റെന്ന് മുഖ്യമന്ത്രി പറയുന്നത്. ഇത്രമാത്രം കട്ടവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് ലജ്ജാകരമാണ്. വാസവന്റെ പ്രസ്‌താവന കടമെടുത്താൽ ഈ തട്ടിപ്പെല്ലാം ഒറ്റ വറ്റാണോയെന്ന് മുഖ്യമന്ത്രി പറയണം. കരുവന്നൂർ ബാങ്കിലെ മെഗാ കുംഭകോണം മാത്രമല്ല, കേരളത്തിലെ വിവിധ ജില്ലകളിൽ സഹകരണ മേഖലകളിൽ നടന്നിട്ടുള്ള എല്ലാ കുംഭകോണങ്ങളുടെയും ചിത്രം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഈ സമയത്താണ് ഏഴ് മാസം മാദ്ധ്യമങ്ങളിൽ നിന്നകലം പാലിച്ച കേരളത്തിന്റെ മുഖ്യമന്ത്രി ദിവസംതോറും പത്രസമ്മേളനം നടത്തുന്നത്.
തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവരോടൊപ്പമാണ് പാർട്ടിയും സർക്കാരും എന്ന് പ്രഖ്യാപിക്കേണ്ടതിന് പകരം അവർ അരവിന്ദാക്ഷന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. ഇത് കട്ടവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന് തുല്യമാണ്. കട്ടവരെയെല്ലാം മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും ഭയപ്പെടുകയാണ്. അരവിന്ദാക്ഷൻ ഉൾപ്പെടെ ജയിലിൽ കഴിയുന്നവർ ജാമ്യത്തിൽ പുറത്തുവന്നാൽ അവരുടെ ജീവൻ അപകടത്തിലാവും. അതുകൊണ്ട് അവർക്ക് മതിയായ സംരക്ഷണം നൽകാൻ തയ്യാറാകണമെന്ന് ഇഡിയോട് ബിജെപി ആവശ്യപ്പെടുകയാണ്.
സഹകരണ മെഗാ കുംഭകോണത്തിൽ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിമാർ മുതൽ സംസ്ഥാന നേതൃത്വത്തിനുവരെ പങ്കുണ്ട്. കള്ളൻമാരെ പരസ്യമായി സംരക്ഷിക്കാൻ സിപിഎം ശ്രമിക്കുകയാണ്. പാർട്ടിയുടെ അനുമതിയും അനുവാദവും സഹകരണ കുംഭകോണത്തിനുണ്ടെന്നത് വ്യക്തമാണ്. കേരളത്തിലെ സഹകരണ ബാങ്കുകളെ മാർക്‌സിസ്റ്റ് നേതൃത്വം സ്വിസ് ബാങ്കാക്കി മാറ്റി.
മുഖ്യമന്ത്രിയുടെ ഭീഷണികൾക്ക് മുന്നിലൊന്നും കേന്ദ്ര ഏജൻസികൾ മുട്ടുമടക്കാൻ പോകുന്നില്ല. എവിടെയൊക്കെ കുംഭകോണം നടന്നിട്ടുണ്ടോ അവിടെയെല്ലാം ഇ ഡി അന്വേഷണം നടത്തും. എല്ലാ തട്ടിപ്പ് വീരൻമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഒരുപക്ഷേ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് മാർക്‌സിസ്റ്റ് നേതാക്കളുടെ ജയിലുകളിലേക്കുള്ള യാത്രയ്ക്ക് കേരള രാഷ്‌ട്രീയം സാക്ഷ്യംവഹിക്കുമെന്ന കാര്യത്തിൽ സംശയമില്ല'- പി കെ കൃഷ്‌ണദാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |