കലാപം കത്തിപ്പടർന്ന മണിപ്പൂരിലെ തന്റെ കുടുംബത്തിന്റെ വിശേഷങ്ങൾ ഫോണിൽക്കൂടി തിരക്കാൻപോലും കഴിയാതെ നാലുമാസത്തോളം പട്യാലയിലെ ക്യാമ്പിൽ കഠിനപരിശീലനത്തിലായിരുന്നു വുഷു താരം റോഷിബിന ദേവി നവോറെം. ഇന്നലെ ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടി മാദ്ധ്യമപ്രവർത്തകരുടെ മുന്നിലെത്തിയ റോഷിബിന, മണിപ്പൂരിലെ തന്റെ കുടുംബത്തെക്കുറിച്ചുള്ള ചോദ്യംകേട്ടപ്പോൾ വിതുമ്പിപ്പോയി.
വംശീയ കലാപത്തിൽ പ്രശ്നബാധിതമായ ബിഷ്ണുപുർ ജില്ലയിലാണ് റോഷിബിനയുടെ കുടുംബം. മേയ് മാസം മുതൽ പട്യാലയിലെ പരിശീലന ക്യാമ്പിലായിരുന്നു. അപ്പോഴാണ് അവിടെ സംഘർഷം തുടങ്ങുന്നത്. പരിശീലനത്തിലെ ശ്രദ്ധപോകുമെന്ന് പറഞ്ഞ് കോച്ച് വീട്ടുകാരോട് സംസാരിക്കാൻ അനുവദിച്ചില്ല. അവർക്ക് എന്തുസംഭവിച്ചു എന്നറിയാതെ ദിവസങ്ങൾ തള്ളിനീക്കി. രാജ്യത്തിനായി മെഡൽ നേടാനാണ് ക്യാമ്പിൽ തുടർന്നത്. അരുണാചൽ പ്രദേശുകാരായ മൂന്ന് വുഷു താരങ്ങൾക്ക് ചൈന വിസ നിഷേധിച്ചതും ക്യാമ്പിൽ ആശങ്ക പടർത്തി.
'ഏഷ്യൻ ഗെയിംസിൽ മെഡൽ നേടാൻ കഴിഞ്ഞപ്പോൾ വലിയ ആശ്വാസം തോന്നുന്നു. തന്റെ നാട്ടിൽ സമാധാനമുണ്ടാകാനായി ഈ മെഡൽ സമർപ്പിക്കുന്നു.' റോഷിബിന പറഞ്ഞു. മെഡലുമായി എത്രയും പെട്ടെന്ന് മണിപ്പൂരിലെത്തി കുടുംബത്തെ കാണാനുള്ള ഒരുക്കത്തിലാണ്. 60 കിലോ വനിതകളുടെ ഫൈനലിൽ റോഷിബിനയെ കീഴടക്കി സ്വർണമണിഞ്ഞത് ചൈനീസ് താരം വു ഷാവോവേയ് ആണ്.
''നാലുമാസമായി ഞാൻ വീട്ടുകാരെ കണ്ടിട്ട്. അവരെക്കുറിച്ചോർക്കുമ്പോൾ സങ്കടമുണ്ട്.
-റോഷിബിന ദേവി
ഇന്ത്യയ്ക്ക് ഒരു സ്വർണം കൂടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |