ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനിടെ ബി.ജെ.പി എംപി രമേശ് ബിധുരി അധിക്ഷേപിച്ച് സംസാരിച്ചെന്ന ബി.എസ്.പി എംപി ഡാനിഷ് അലിയുടെ പരാതി ലോക്‌സഭാ സ്‌പീക്കർ ഓം ബിർള പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറി. കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി, ഡി.എം.കെയുടെ കനിമൊഴി, എൻ.സി.പിയുടെ സുപ്രിയാ സുലേ തുടങ്ങിയ എംപിമാരും ബിധുരിക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.
ബി.ജെ.പി എംപി സുനിൽ കുമാർ സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള പ്രിവിലേജ് കമ്മിറ്റിക്ക് ഈ പരാതികളെല്ലാം അയച്ചതായി സ്‌പീക്കറുടെ ഒാഫീസ് അറിയിച്ചു. പ്രിവിലേജ് കമ്മിറ്റിക്ക് ഇത്തരം പരാതികൾ കൈമാറുന്നത് തങ്ങളുടെ പാർട്ടി നയമാണെന്നും കോൺഗ്രസ് കാലത്ത് ഇതൊന്നും നടന്നിട്ടില്ലെന്നും ബി.ജെ.പി എംപി നിഷികാന്ത് ദുബെ പറഞ്ഞു. ഡാനിഷ് അലി പ്രകോപിച്ചതുകൊണ്ടാണ് രമേശ് ബിധുരിക്ക് അങ്ങനെ സംസാരിക്കേണ്ടി വന്നതെന്നും അക്കാര്യവും സ്‌പീക്കർ പരിശോധിക്കണമെന്നും ദുബെ ആവശ്യപ്പെട്ടു.
അധിക്ഷേപ പ്രസംഗത്തെ തുടർന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും ബി.ജെ.പി രമേശ് ബിധുരിക്ക് രാജസ്ഥാനിലെ ടോങ്ക് ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല നൽകിയത് പ്രതിപക്ഷ പാർട്ടികൾ ചോദ്യം ചെയ്‌തു. ഗുർജാർ സമുദായക്കാരനായ ബിധുരിക്ക് ജില്ലയിലെ നാല് സീറ്റുകളിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.
വിദ്വേഷത്തിന് ബി.ജെ.പി പ്രതിഫലം നൽകിയെന്ന് ബി.ജെ.പി നടപടിയെ വിമർശിച്ച സ്വതന്ത്ര എംപി കപിൽ സിബൽ പറഞ്ഞു. ന്യൂനപക്ഷങ്ങളോടുള്ള നരേന്ദ്രമോദിയുടെ സ്നേഹപ്രകടനമാണോ ഇതെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്രയും ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |