□വെണ്ടർമാർക്ക് ആശ്വാസം
തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിൽ ഇ സ്റ്റാമ്പിംഗ് നടപ്പാക്കുന്നത് ആറു മാസത്തേക്ക് നീട്ടും. ഇതു സംബന്ധിച്ച് നികുതി വകുപ്പിന്റെ ഉത്തരവ് ഇന്നോ നാളെയോ ഇറങ്ങും. ഒരു ലക്ഷം വരെയുള്ള രജിസ്ട്രേഷൻ അതുവരെ മുദ്രപ്പത്രങ്ങൾ ഉപയോഗിച്ച് നടത്താം. മുദ്രപ്പത്രം സ്റ്രോക്ക് ചെയ്തിട്ടുള്ള സംസ്ഥാനത്തെ 1200 ഓളം സ്റ്റാമ്പ് വെണ്ടർമാർക്ക് ഇത് ആശ്വാസമാവും.
ഒക്ടോബർ മുതൽ സമ്പൂർണ്ണ ഇ സ്റ്റാമ്പിംഗ് നടപ്പാക്കുമെന്നായിരുന്നു രജിസ്ട്രേഷൻ വകുപ്പിന്റെ പ്രഖ്യാപനം. ഇതിന് വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയറിന്റെ പരീക്ഷണം പൂർത്തിയാവാത്തതും വെണ്ടർമാർക്ക് പുതിയ സംവിധാനത്തിൽ വേണ്ടത്ര പരിശീലനം ലഭ്യമാവാത്തതുമാണ് നടപടി നീട്ടാൻ കാരണം. വെണ്ടർമാരുടെ കമ്മീഷൻ പുതുക്കി നിശ്ചയിക്കേണ്ടതുമുണ്ട്. ഒരു ലക്ഷത്തിന് മേലുള്ള രജിസ്ട്രേഷൻ നേരത്തെ തന്നെ ഇ സ്റ്റാമ്പിംഗ് സംവിധാനത്തിലാക്കിയിരുന്നു. ഇപ്പോൾ സ്റ്റോക്കുള്ള മുദ്രപ്പത്രങ്ങൾ വിറ്റു തീരും വരെ ഇ സ്റ്രാമ്പിംഗ് നടപ്പാക്കുന്നതിന് സാവകാശം നൽകുമെന്ന് നേരത്തെ രജിസ്ട്രേഷൻ മന്ത്രി വെണ്ടർമാർക്ക് ഉറപ്പു നൽകിയിരുന്നു.
വിവിധ മൂല്യത്തിലുള്ള 800 കോടിയുടെ മുദ്രപ്പത്രം സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ സ്റ്റോക്കുണ്ട്. നിരവധി വെണ്ടർമാരുടെ പക്കലും പത്രം മിച്ചമുണ്ട്. കൂടുതൽ ആവശ്യമുള്ള 100 രൂപ പത്രത്തിന് മിക്ക ജില്ലകളിലും ക്ഷാമമാണ്.
കമ്മീഷൻ
പുതുക്കണം
50 മുതൽ 1000 രൂപ വരെയുള്ള മുദ്രപ്പത്രത്തിന് 4.5 ശതമാനമാണ് വെണ്ടർമാരുടെ കമ്മീഷൻ. 5000, 10,000 രൂപയുടെ പത്രത്തിന് 2.5 ശതമാനവും 15,000, 20,000, 25,000 രൂപയുടെ പത്രത്തിന് 2 ശതമാനവുമാണ് കമ്മീഷൻ . ഇ സ്റ്റാമ്പിംഗിലേക്ക് വരുമ്പോൾ 100 ജി.എസ്.എമ്മിൽ കുറയാത്ത പേപ്പറിൽ കളർ പ്രിന്റായി വേണം പത്രം എടുക്കേണ്ടത്. ഇത് കൂടുതൽ സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്നതിനാൽ കമ്മീഷൻ കൂട്ടണമെന്നതാണ് വെണ്ടർമാരുടെ ആവശ്യം.
'സമ്പൂർണ്ണ ഇ സ്റ്റാമ്പിംഗ് സംവിധാനത്തിലേക്ക് വരുമ്പോൾ വെണ്ടർമാരുടെ
ബുദ്ധിമുട്ട് ഒഴിവാക്കാനാണ് കാലാവധി നീട്ടുന്നത്.'
-വി.എൻ.വാസവൻ.
രജിസ്ട്രേഷൻ മന്ത്രി
'കമ്മീഷൻ കാര്യത്തിൽ സർക്കാർ സഹായകമായ തീരുമാനമെടുക്കണം'.
കിളിയല്ലൂർമണി
ജന.സെക്രട്ടറി, സ്റ്റാമ്പ് വെണ്ടേഴ്സ് യൂണിയൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |