ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് നാലാം സ്വർണം, 10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണം നേടിയത്
സരബ്‌ജ്യോത് സിംഗ്, അർജുൻ സിംഗ് ചീമ, ശിവ നർവാൾ എന്നിവരടങ്ങിയ ടീം
ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ തോക്കുകൾ വീണ്ടും ഗർജിച്ചപ്പോൾ ഒരു സ്വർണമെഡൽ കൂടി സ്വന്തമായി. ഇന്നലെ രാവിലെ നടന്ന 10 മീറ്റർ എയർ പിസ്റ്റളിൽ സരബ്‌ജ്യോത് സിംഗ്, അർജുൻ സിംഗ് ചീമ, ശിവ നർവാൾ എന്നിവരടങ്ങിയ ടീമാണ് സ്വർണം നേടിയത്. ചൈനയെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഒറ്റപ്പോയിന്റിന് പിന്തള്ളിയാണ് ഇന്ത്യ സ്വർണത്തിലെത്തിയത്. ഇന്ത്യൻ ടീം 1734 പോയിന്റും ചൈനീസ് ടീം 1733 പോയിന്റുമാണ് നേടിയത്. 1730 പോയിന്റ് നേടിയ വിയറ്റ്നാം ടീമിനാണ് വെങ്കലം.എന്നാൽ വ്യക്തിഗത ഇനങ്ങളിൽ മെഡൽ നേടാൻ ഇന്ത്യൻ താരങ്ങൾക്ക് കഴിഞ്ഞില്ല.
രാവിലെ വനിതകളുടെ വുഷുവിൽ സ്വർണപ്രതീക്ഷയുമായാണ് റോഷിബിന ദേവി നവോറം ഫൈനലിന് ഇറങ്ങിയതെങ്കിലും ചൈനയുടെ വു ഷാവോവേയ്‌യോട് തോറ്റു. രണ്ട് റൗണ്ടുകളിലും ഇന്ത്യൻ താരത്തെ അനങ്ങാൻ അനുവദിക്കാതെയായിരുന്നു ചൈനീസ് താരത്തിന്റെ വിജയം. അഞ്ചു പോയിന്റ് വീതമാണ് ഓരോ റൗണ്ടിലും വു ഷാവോവേയ് നേടിയത്.
കഴിഞ്ഞ ദിവസം അശ്വാഭ്യാസത്തിലെ ഡ്രെസേജ് ഇനത്തിൽ സ്വർണം നേടിയിരുന്ന ഇന്ത്യൻ ടീമിലെ അംഗം അനുഷ് അഗർവാലയ്ക്ക് ഇന്നലെ വ്യക്തിഗത ഇനത്തിൽ വെങ്കലം ലഭിച്ചു.
ഫുട്ബാളിൽ വീണു
13 വർഷത്തിന് ശേഷം ഏഷ്യൻ ഗെയിംസ് ഫുട്ബാളിന്റെ പ്രീ ക്വാർട്ടറിനിറങ്ങിയ ഇന്ത്യൻ ടീം സൗദി അറേബ്യയോട് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റുപുറത്തായി. സൗദി ക്ളബ് അൽ നസ്ർ എഫ്.സിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം കളിക്കുന്ന യുവ സ്ട്രൈക്കർ ഖലീൽ മറാനാണ് സൗദിക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത്. ഗോൾരഹിതമായ ആദ്യ പകുതിക്ക്ശേഷം 51,57 മിനിട്ടുകളിലാണ് ഖലീൽ ഇന്ത്യൻ വലകുലുക്കിയത്.
ടെന്നിസിൽ ഇന്ന് ഫൈനൽ
ഏഷ്യൻ ഗെയിംസ് പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രാംകുമാർ രാമനാഥൻ- സാകേത് മെയ്‌നേനി സഖ്യം ഫൈനലിലെത്തി. ഇന്ന് നടക്കുന്ന ഫൈനലിൽ ഇവർ ചൈനീസ് തായ്‌പയ്‌യുടെ ജേസൺ ജുംഗ്- യു സിയോ സഖ്യത്തെ നേരിടും. ഇന്നലെ നടന്ന സെമിയിൽ കൊറിയയുടെ സിയോൻചാൻ- സോൻവൂ സഖ്യത്തെ 6-1,6-7,10-0ത്തിന് തോൽപ്പിച്ചാണ് ഇന്ത്യൻ സഖ്യം ഫൈനലിലെത്തിയത്.
മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ- റിതുജ സഖ്യം സെമിയിലെത്തി മെഡലുറപ്പിച്ചു. ക്വാർട്ടറിൽ കസാഖിസ്ഥാന്റെ ഷിബെക്ക്- ലോമാക്കിൻ സഖ്യത്തെ 7-5,6-3നാണ് ബൊപ്പണ്ണ സഖ്യം തോൽപ്പിച്ചത്.
വനിതകളുടെ ബോക്സിംഗിൽ പ്രീ ക്വാർട്ടറിൽ സൗദിയുടെ ഹദീൽ ഗസ്‌വയെ തോൽപ്പിച്ച് ഇന്ത്യയുടെ ജാസ്മിൻ ക്വാർട്ടറിലെത്തി.
പാതയോരത്തെ പാട്ട്
അത്ലറ്റിക്സ് മത്സരവേദിക്ക് സമീപത്തെ ട്രെയ്നിംഗ് ഗ്രൗണ്ടിലേക്ക് നടക്കുമ്പോഴാണ് സമീപത്തെ പാർക്കിന് അരികിൽ നിന്ന് വയലിൻ പോലുള്ള സംഗീത ഉപകരണവുമായി ഒരു യുവതി നിൽക്കുന്നത് കണ്ടത്. യുവതിക്കൊപ്പം പ്രായമായ ഒരു സ്ത്രീയും അവരുടെ കൈയിൽ കൈക്കുഞ്ഞുമുണ്ട്. പ്രായമായ ഒരാൾ ആ യുവതിയുടെ ഫോട്ടോകൾ ക്യാമറയിൽ പകർത്തുന്നു.
വിദേശത്തൊക്കെ കലാകാരന്മാർ പൈസയ്ക്കായി തെരുവോര സംഗീത പ്രദർശനങ്ങൾ നടത്തുന്നത് പതിവായതിനാൽ അൽപ്പനേരം അവിടെ നിന്ന് ആ സംഗീതം ആസ്വദിക്കാൻ തീരുമാനിച്ചു. ഓരോരോ ഈണങ്ങളായി ആ ഉപകരണത്തിൽ വായിക്കുകയാണ് യുവതി. കുറേനേരം കഴിഞ്ഞപ്പോഴാണ് അത് പൈസയ്ക്ക് വേണ്ടിയുള്ള കലാപ്രകടനമല്ലെന്ന് മനസിലായത്. അങ്ങനെ അടുത്തുചെന്ന് പരിചയപ്പെട്ടു. ഇന്ത്യയിൽ നിന്നാണെന്നും ഏഷ്യൻ ഗെയിംസ് റിപ്പോ ർട്ട് ചെയ്യാൻ വന്നതാണെന്നും പറഞ്ഞപ്പോൾ വലിയ സന്തോഷം.
അവർ തങ്ങളെയും പരിചയപ്പെടുത്തി. താൻ വലിയൊരു സംഗീതജ്ഞയൊന്നുമല്ലെന്നും ഒരു സ്കൂളിലെ മ്യൂസിക് ടീച്ചറാണെന്നുമാണ് അവർ പറഞ്ഞത്.പേര് ഷിൻ ഡിചെൻ. അവർ വായിച്ചുകൊണ്ടിരുന്ന സംഗീത ഉപകരണത്തിന്റെ പേര് എർഹു.
ഒക്ടോബർ ഒന്നിന് ചൈനീസ് ദേശീയ ദിനമായതിനാൽ ഇവിടെയൊക്കെ ഒരാഴ്ച അവധിയാണ്. അവധി ദിവസത്തിൽ കുടുംബവുമായി തന്റെ ഒരു സംഗീത വീഡിയോ ഷൂട്ടുചെയ്യാൻ ഇറങ്ങിയതാണ് ഷിൻ. ഷിന്നിന്റെ അച്ഛനാണ് വീഡിയോ പകർത്തുന്നത്. അമ്മ ഷിന്നിന്റെ ഒരു വയസുകാരി മകളുമായി കൂട്ടുവന്നതാണ്. എനിക്ക് വേണ്ടി അൽപ്പനേരം കൂടി എർഹുവിൽ ഈണം മുഴക്കിയശേഷമാണ് ഷിന്നും കുടുംബവും മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |