ചെന്നൈ: ഏറെ കോളിളക്കം സൃഷ്ടിച്ച വചാതി കൂട്ടബലാത്സംഗ കേസിൽ വിധി പറഞ്ഞ് മദ്രാസ് ഹൈക്കോടതി. പ്രതികൾ സമർപ്പിച്ച അപ്പീൽ തളളിയാണ് ഹൈക്കോടതി ഇരകൾക്ക് അനുകൂലമായ വിധി പറഞ്ഞത്. കേസിൽ 215 സർക്കാർ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കോടതി ഉത്തരവിട്ടു.
1992 ജൂണിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വചാതി ഗ്രാമത്തിലെ 18 ഗോത്രവർഗ സ്ത്രീകളെയാണ് സർക്കാർ ജീവനക്കാരായ പ്രതികൾ ബലാത്സംഗത്തിനിരയാക്കിയത്. വീരപ്പൻ വേട്ടയുടെ പേരിലാണ് ആദിവാസികൾക്കെതിരെ ആക്രമണം നടന്നത്.പൊലീസ്,വനം വകുപ്പ്, റവന്യൂ ഉദ്യോഗസ്ഥരായിരുന്നു ആക്രമണം നടത്തിയത്. നാല് ഐ എഫ് എസ് ഉദ്യോഗസ്ഥർ അടക്കം പ്രതിപട്ടികയിലുണ്ട്. 2011 ലെ പ്രത്യേക കോടതി ഉത്തരവിനെതിരെയാണ് പ്രതികൾ അപ്പീൽ നൽകിയത്. വിധിയിൽ 12 പേർക്ക് പത്ത് വർഷം തടവും അഞ്ച് പേർക്ക് ഏഴ് വർഷം തടവും ബാക്കിയുളളവർക്ക് രണ്ട് മുതൽ ഏഴ് വർഷം വരെ തടവും വിധിച്ചിരുന്നു. 54 പ്രതികൾ വിചാരണ കാലയളവിൽ മരിച്ചിരുന്നു. ജസ്റ്റിസ് പി വേൽ മുരുകനാണ് വിധി പ്രഖ്യാപിച്ചിരുന്നത്
സംഭവത്തിലെ ഇരകൾക്ക് സർക്കാർ ജോലി നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.ബലാത്സംഗം ചെയ്ത 17 ജീവനക്കാർ ഇരകൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം.വചാതി ഗ്രാമത്തിന്റെ നിലവാരം മെച്ചപ്പെടുത്താനുളള നടപടികൾ എടുക്കണമെന്നും കോടതി അറിയിച്ചു. വിധി പ്രസ്താവനയ്ക്ക് മുൻപ് ജഡ്ജി ഗ്രാമം സന്ദർശിക്കുകയുണ്ടായി.അന്ന് ജോലിയിലുണ്ടായിരുന്ന ജില്ലാ കളക്ടർ,എസ് പി, ഡി എഫ് ഒ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കണമെന്ന് കോടതി ഉത്തരവിൽ നിർദ്ദേശമുണ്ട്.
1992 ജൂൺ 20ന് ധർമ പുരി ജില്ലയിലെ വചാതി ഗ്രാമത്തിലാണ് മനസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവമുണ്ടായത്. വീരപ്പനെ സഹായിക്കുന്നു എന്നാരോപിച്ച് 155 വനം വകുപ്പ് ജീവനക്കാരും 108 പൊലീസുകാരും ആറ് റവന്യൂ ജീവനക്കാരുമടങ്ങുന്ന സംഘം വചാതി ഗ്രാമത്തെ വളയുകയായിരുന്നു. 18 ആദിവാസി സ്ത്രീകളെ ട്രക്കിൽ ഫോറസ്റ്റ് ഓഫീസിൽ കൊണ്ടുപോയി ഉദ്യോഗസ്ഥർ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ആദിവാസികളുടെ കുടിലുകളും സാധനസാമഗ്രികളും തല്ലിത്തകർത്തു. 90 സ്ത്രീകളെയും 28 കുട്ടികളെയും മൂന്ന് മാസം തടവിലിടുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |