സിനിമയുടെ ക്രീസിൽ സെഞ്ച്വറി പൂർത്തിയാക്കി നല്ല ബാറ്റ്സ്മാനും ബൗളറുമായി ചാക്കോച്ചൻ. അനിയത്തിപ്രാവിൽനിന്ന് 102 -ാം സിനിമയായ ചാവേറിലേക്ക് കാൽനൂറ്റാണ്ട് പിന്നിടുന്ന ദൂരമുണ്ട്. ജീവിതത്തിലും പല കുപ്പായം അണിഞ്ഞ് യാത്ര. കുഞ്ചാക്കോ ബോബൻ 'പുതിയ മുഖ"ത്തിൽ എത്തുന്നതാണ് ചാവേർ. വെള്ളിത്തിരയിലെ യാത്രയെക്കുറിച്ചും പുതിയ വിശേഷങ്ങളെക്കുറിച്ചും കുഞ്ചാക്കോ ബോബൻ.
ചാവേർ സിനിമയിലെ കഥാപാത്രം എങ്ങനെയാണ് അഭിനേതാവ് എന്ന നിലയിൽ പ്രത്യേകത നിറഞ്ഞതായി മാറുന്നത് ?
എന്നെ ഇതുവരെ കാണാത്ത രീതിയിൽ, ഞാൻ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ള കഥാപാത്രമാണ് ചാവേറിലെ അശോകൻ. നമുക്ക് അറിയാവുന്ന കഥാപശ്ചാത്തലങ്ങളിൽ നിന്നും ജീവിത സാഹചര്യങ്ങളിൽ നിന്നും ഉടലെടുത്തതാണ്. അതുകൊണ്ട് തന്നെ ആളുകൾക്ക് അറിയാവുന്ന, മനസിലാക്കാൻ കഴിയുന്ന കഥാപാത്രം ആയിരിക്കും. രൂപത്തിൽ, ഭാവത്തിൽ, ചെയ്യുന്ന പ്രവർത്തികളിൽ, അങ്ങനെ എന്ത് കാര്യത്തിൽ ആണെങ്കിലും ഞാൻ എന്ന വ്യക്തിയുമായി യാതൊരു രീതിയിലും സമാനതകൾ ഇല്ലാത്ത കഥാപാത്രം. അതുകൊണ്ടുതന്നെ വളരെ കൗതുകത്തോടെ അശോകനെ തിയേറ്ററിൽ കാണാൻ ഞാൻ കാത്തിരിക്കുന്നു. സംവിധായകൻ ടിനു പാപ്പച്ചന്റെയും ടീമിന്റെയും പിൻബലത്തോടെ ഏറ്റവും നല്ല രീതിയിൽ തന്നെ അവതരിപ്പിക്കാൻ സാധിച്ചു . എന്റെ പരിധികൾക്കുള്ളിൽ നിന്ന് ഏറ്റവും നല്ലത് നൽകാൻ സാധിച്ചെന്നാണ് വിശ്വാസം. ആ രീതിയിൽ തന്നെ കഥാപാത്രവും സിനിമയും പ്രേക്ഷകരിലേക്ക് എത്തണമെന്നാണ് ആഗ്രഹം.
സിനിമയിലേക്ക് വന്നു, ഇടക്കാലത്ത് അവധിയെടുത്തു. രണ്ട് വരവിനെയും എങ്ങനെ താരതമ്യം ചെയ്യുന്നു?
ആദ്യത്തെ വരവ് ആഗ്രഹം കൊണ്ടായിരുന്നില്ല. ഒരു സിനിമ കഴിഞ്ഞ് നിറുത്തണം എന്ന ചിന്തയിലാണ് എത്തിയത്. പക്ഷേ സിനിമ വേണമെന്ന് ആഗ്രഹിച്ചായിരുന്നു രണ്ടാമത്തെ വരവ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരിലേക്ക് എത്തണം എന്ന ആഗ്രഹം രണ്ടാം വരവിൽ ഉണ്ടായിരുന്നു. ആ ഇടവേളയിൽ എന്നോടുള്ള ആളുകളുടെ സ്നേഹം തിരിച്ചറിഞ്ഞതുകൊണ്ട് എടുത്ത തീരുമാനമായിരുന്നു അത്. രണ്ട് വരവും വ്യത്യസ്ത രീതികളിൽ രസകരമായിരുന്നു. ആദ്യത്തെ സിനിമയിൽ തന്നെ ഏറ്റവും വലിയ അംഗീകാരവും സ്നേഹവും പ്രേക്ഷകരിൽ നിന്ന് ലഭിച്ചു. രണ്ടാമത്തെ വരവിൽ ഇതൊന്നും ഇല്ലാത്ത അവസ്ഥയിൽ നിന്ന് തുടങ്ങി, പിന്നീട് പതുക്കെ ആളുകളിൽ നിന്ന് സ്നേഹവും പരിഗണനയും എല്ലാം അഭിനേതാവ് എന്ന നിലയിൽ നേടിയെടുക്കാൻ ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്.
സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ എങ്ങനെയാണ് സമീപന രീതി?
എല്ലാവരും ചെയ്യുന്ന പോലെ തന്നെയാണ് സമീപിക്കുന്നത് . കഥ കേൾക്കുമ്പോൾ ഉള്ളിൽ ആവേശം തോന്നുന്നുണ്ടോ എന്ന് നോക്കാറുണ്ട്. സിനിമയെ മൊത്തത്തിൽ നോക്കുമ്പോൾ ഒരു എക്സൈറ്റ്മെന്റ് ഫാക്ടർ കിട്ടുന്നുണ്ടോ എന്ന് ശ്രദ്ധിക്കാറുണ്ട്. കഥാപാത്രത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നും ഞാൻ മുമ്പ് ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് എത്രമാത്രം വ്യത്യസ്തമാണെന്നും നോക്കും. ആളുകളിലേക്ക് പുതിയൊരു രീതിയിൽ ഒരു കഥാപാത്രമായി വരാൻ സാധ്യതയുണ്ടോ എന്നൊക്കെ പരിഗണിക്കും. പിന്നെ സംവിധായകൻ, തിരക്കഥാകൃത്ത് അടങ്ങുന്ന ടീം വലിയൊരു ഘടകമാണ്. ഇതൊക്കെ തന്നെയാണ് ഒരു സിനിമ തിരഞ്ഞെടുക്കുന്ന രീതി.
കഥാപാത്രങ്ങളിൽ ആരായിരിക്കും അടുത്ത കൂട്ടുകാരൻ?
അങ്ങനെ നോക്കുകയാണെങ്കിൽ ഒരുപാട് കഥാപാത്രങ്ങളുണ്ട്. ആദ്യ ചിത്രമായ അനിയത്തിപ്രാവിലെ സുധി മുതലുള്ള കഥാപാത്രങ്ങൾ. നിറം, പ്രിയം, കസ്തൂരിമാൻ, ട്രാഫിക്, ന്നാ താൻ കേസ് കോട്, പട, നായാട്ട് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ എല്ലാം ഇഷ്ടമാണ്. അത് ഓരോ സമയത്തും ആ കാലഘട്ടത്തെയും പ്രായത്തെയും അനുസരിച്ച് , എനിക്ക് നല്ല രീതിയിൽ അവതരിപ്പിക്കാൻ സാധിച്ച കഥാപാത്രങ്ങളാണ്. പ്രേക്ഷകരുടെ മനസിൽ ഒരു സ്ഥാനവും അവരുടെ സ്നേഹവും നേടിത്തന്നു. എല്ലാം വളരെ അടുത്ത് നിൽക്കുന്ന സിനിമകളും കഥാപാത്രങ്ങളും.
വേറിട്ട ലുക്ക്, പകർന്നാട്ടങ്ങൾ. അഭിനയ ജീവിതത്തിൽ ഇത് രണ്ടാം ഇന്നിംഗ്സ് ആണോ ?
തീർച്ചയായിട്ടും. ഗുലുമാൽ, എൽസമ്മ എന്ന ആൺകുട്ടി, ട്രാഫിക് പോലുള്ള സിനിമകളിലൂടെ രണ്ടാമത് കരിയർ തുടങ്ങുമ്പോൾ കഥാപാത്രങ്ങൾ, സിനിമകൾ, പ്രമേയം, കഥാപാത്രത്തിന്റെ രൂപം, അങ്ങനെ പല കാര്യങ്ങളിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആ രീതിയിൽ മുന്നോട്ടുള്ള യാത്രയിൽ അതിലും വ്യത്യസ്തമായ സിനിമകളും കഥാപാത്രങ്ങളും എനിക്ക് ലഭിക്കുന്നു. അത് ആളുകൾ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. കഥാപാത്രങ്ങളും അതിനേക്കാൾ ഉപരി സിനിമയും ആളുകളിലേക്ക് എത്തുന്നു എന്നത് ഒരു അഭിനേതാവിനെ സംബന്ധിച്ച് ഭാഗ്യങ്ങളാണ്. ആഗ്രഹത്തിലൂടെയും അദ്ധ്വാനത്തിലൂടെയും പലരുടെയും സഹായത്തോടുകൂടിയും നല്ല സിനിമകൾ നേടാൻ സാധിച്ചു. ഇതൊരു തുടക്കം മാത്രമാകട്ടെ, ഇനിയത്തെ യാത്ര ഇതിലും സംഭവബഹുലമാകട്ടെ എന്ന് ആഗ്രഹിക്കുന്നു.
ഇതുവരെ സഹകരിച്ചിട്ടില്ലാത്ത സംവിധായകരുടെ സിനിമയുടെ ഭാഗമാകാൻ ആഗ്രഹവും ശ്രമവും നടത്തുന്നുണ്ടോ?
അങ്ങനെ ഞാൻ ആഗ്രഹിച്ച് ചെയ്ത ഒരുപാട് സംവിധായകരുണ്ട്. തിരിച്ചുവരവിൽ സംവിധായകരോട് ചാൻസ് ചോദിച്ച് പോയിട്ടുണ്ട്. ലാൽ ജോസ്, ഷാഫി, മാർട്ടിൻ പ്രക്കാട്ട്, രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, ടിനു, അൻവർ റഷീദ് അങ്ങനെ പലരോടും ചോദിച്ചിട്ടുണ്ട്. ഈ പറഞ്ഞവരിൽ പലരും എന്നെവച്ച് സിനിമ ചെയ്തിട്ടുണ്ട്. ചിലരൊക്കെ എന്നെവച്ച് സിനിമ ചെയ്യണം എന്ന ആഗ്രഹം പറഞ്ഞിട്ടുണ്ട്, ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്. അതിനുവേണ്ടി കാത്തിരിക്കുന്നു. തീർച്ചയായിട്ടും മാറുന്ന സിനിമകളിലൂടെയും സഞ്ചരിക്കുന്ന സംവിധായകരുടെ കൂടെയും തിരക്കഥാകൃത്തുകളുടെ കൂടെയും യാത്ര ചെയ്യണമെന്ന ആഗ്രഹമുണ്ട്. മലയാള സിനിമാ മേഖലയിൽ മാറ്റങ്ങൾ അടയാളപ്പെടുത്തിയ സിനിമകളുടെ ഭാഗമാകാൻ ഭാഗ്യം ലഭിച്ച ആളാണ് ഞാനെന്ന് പറയാം. അനിയത്തിപ്രാവ്, ട്രാഫിക്, ടേക്ക് ഓഫ്, അഞ്ചാം പാതിര, വൈറസ്, 2018, ന്നാ താൻ കേസ് കൊട് തുടങ്ങിയ സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.
പുതിയ താരങ്ങൾ എത്തുമ്പോൾ നടനെന്ന നിലയിൽ എങ്ങനെയാണ് അപ്ഡേറ്റ് ആകുന്നത്?
ഒരുപറ്റം പുതിയ യുവാക്കൾ വന്നതുകൊണ്ടാണ് ഞാൻ ഇപ്പോഴും സിനിമയിൽ നിലനിൽക്കുന്നതെന്ന് വിശ്വസിക്കുന്നു. കാരണം വീണ്ടും സിനിമ ചെയ്ത് തുടങ്ങിയ സമയത്ത് എന്റെ പ്രായത്തിൽപ്പെട്ട ആരും തന്നെ ഇല്ലായിരുന്നു എന്ന് വേണമെങ്കിൽ പറയാം. അതുകൊണ്ടുതന്നെ റൊമാൻസ്, ക്യാമ്പസ് പശ്ചാത്തല സിനിമകളാണ് കൂടുതലും ചെയ്തത്. കൂടുതൽ മത്സരം ഇല്ലാതിരുന്നത് കൊണ്ട് ഞാൻ അത്തരം സിനിമകളിൽ വളരെ കംഫർടബിൾ ആയിരുന്നു. എനിക്ക് മാറ്റങ്ങൾ വരുത്തണം എന്ന ആഗ്രഹമോ ആവശ്യമോ ഇല്ലായിരുന്നു. പക്ഷേ പതുക്കെ അത് മാറിത്തുടങ്ങി. മാറ്റങ്ങൾക്ക് വിധേയൻ ആകണമെന്ന് തിരിച്ചറിഞ്ഞു. പുതിയതായി വരുന്ന അഭിനേതാക്കളോടൊപ്പം പിടിച്ചു നിൽക്കണമെങ്കിൽ എന്നിലും ഒരു പുതുമ ഉണ്ടാകണം എന്ന് തോന്നി. ആ രീതിയിൽ എന്നിലെ അഭിനേതാവിനെ രൂപപ്പെടുത്താനും പുതുക്കാനും പുതിയ തലമുറയിലെ അഭിനേതാക്കൾ ഒരുപാട് സഹായിച്ചിട്ടുണ്ട്. മലയാള സിനിമയിൽ ഇപ്പോഴും ഞാൻ അവരുടെ കൂടെയുണ്ട് എന്നത് വളരെ സന്തോഷത്തോടെ പറയാൻ കഴിയുന്ന കാര്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |