പുതിയ ചിത്രമായ മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സർട്ടിഫിക്കറ്റ് നൽകുന്നതിന് സെൻസർ ബോർഡ് കോഴ വാങ്ങിയെന്ന നടൻ വിശാലിന്റെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര പ്രക്ഷേപണ മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥൻ അന്വേഷണത്തിനായി മുംബയ് സെൻസർ ബോർഡ് ഓഫീസിൽ എത്തിയിട്ടുണ്ട്.
തികച്ചും നിർഭാഗ്യകരം എന്നാണ് കേന്ദ്ര സിനിമാ മന്ത്രാലയം സംഭവത്തെ അപലപിച്ച് പ്രതികരിച്ചത്. അഴിമതിയെ ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇത്തരത്തിൽ മറ്റാർക്കെങ്കിലും അനുഭവമുണ്ടായിട്ടുണ്ടെങ്കിലും വിവരം കൈമാറണമെന്നും സർക്കാർ അറിയിച്ചു.
കഴിഞ്ഞദിവസമാണ് സമൂഹമാദ്ധ്യമമായ എക്‌സിലൂടെ വിശാൽ തനിക്ക് നേരിട്ട ദുരനുഭവം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയേയും അഭിസംബോധന ചെയ‌്തുകൊണ്ടായിരുന്നു വിശാലിന്റെ വെളിപ്പെടുത്തൽ.
സെൻസർ ബോർഡിലെ രണ്ട് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും വിശാൽ വെളിപ്പെടുത്തി. എം. രാജൻ എന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മൂന്ന് ലക്ഷം രൂപയും, ജീജ രാമദാസ് എന്നയാളുടെ അക്കൗണ്ടിലേക്ക് 3.5 ലക്ഷം രൂപയും ട്രാൻസ്‌ഫർ ചെയ്‌തതായും നടൻ പറഞ്ഞു.
ഇത് തന്റെ സിനിമയ‌്ക്ക് മാത്രം സംഭവിക്കുന്നതല്ലെന്നും, കേന്ദ്ര സെൻസർ ബോർഡിനെ ബാധിച്ചിട്ടുള്ള അഴിമതിയാണെന്നും വിശാൽ ആരോപിച്ചു. സിനിമ റിലീസ് ചെയ്യുന്നതിന് ആറര ലക്ഷം രൂപ നൽകാതെ ആ സമയത്ത് തങ്ങളുടെ പക്കൽ മറ്റുവഴികളില്ലായിരുന്നുവെന്നും വിശാൽ പറഞ്ഞു. സിനിമ കാണുന്നതിന് മൂന്ന് ലക്ഷവും, സർട്ടിഫിക്കറ്റ് നൽകുന്നതിന് 3.5 ലക്ഷവും ആവശ്യപ്പെട്ടു. ഇതെല്ലാം ചെയ‌്തത് മിസ്. മേത്ത എന്നുപേരുള്ള സ്ത്രീയാണെന്നായിരുന്നു വിശാലിന്റെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |