ദുബായ്: രാജ്യത്ത് ജോലി നോക്കുന്ന വിദേശ തൊഴിലാളികൾക്ക് തങ്ങളുടെ കുടുംബത്തെ സ്പോൺസർ ചെയ്യാനുള്ള നിയമങ്ങൾ ഉദാരമാക്കി യു.എ.ഇ സർക്കാർ. കമ്പനി അനുവദിച്ചിരിക്കുന്ന താമസ സൗകര്യത്തൊപ്പം 3000 ദിർഹമെങ്കിലും മാസ ശമ്പളം ലഭിക്കുന്നവർക്ക് തങ്ങളുടെ കുടുംബത്തെ സ്പോൺസർ ചെയ്യാം. കമ്പനിയുടെ താമസ സൗകര്യമില്ലാത്തവർക്ക് തങ്ങളുടെ കുടുംബത്തെ സ്പോൺസർ ചെയ്യണമെങ്കിൽ കുറഞ്ഞത് 4000 ദിർഹം ശമ്പളം വേണമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് എമിറൈറ്റൈസേഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഏത് തൊഴിൽ ചെയ്യുന്നവർക്കും തങ്ങളുടെ കുടുംബത്തെ സ്പോൺസർ ചെയ്യാവുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
യു.എ.ഇയിൽ ജോലി ചെയ്യുന്ന പ്രവാസിക്ക് തന്റ ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ, 18 വയസ് വരെ പ്രായമുള്ള ആൺകുട്ടികൾ, അവിവാഹിതരായ പെൺകുട്ടികൾ എന്നിവരെ സ്പോൺസർ ചെയ്യാനാണ് യു.എ.ഇ മന്ത്രിസഭ അനുമതി നൽകിയത്. നേരത്തേ ശമ്പളം എത്രയുണ്ടെങ്കിലും പല തൊഴിൽ മേഖലയിലുള്ളവർക്കും കുടുംബത്തെ സ്പോൺസർ ചെയ്യാൻ അനുമതിയില്ലായിരുന്നു.
സ്ത്രീകൾക്ക് കുടുംബത്തെ സ്പോൺസർ ചെയ്യാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇതിന് ഭർത്താവിന്റെ സമ്മത പത്രവും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള സാക്ഷ്യപത്രവും സമർപ്പിക്കണം. എന്നാൽ സ്ത്രീകൾക്ക് തങ്ങളുടെ കുടുംബത്തെ സ്പോൺസർ ചെയ്യുന്ന കാര്യത്തിൽ അവ്യക്തയുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ ഫാമിലി വിസയ്ക്കായി അപേക്ഷിക്കാനെത്തിയ ചില സ്ത്രീകളോട് 10,000 ദിർഹം മിനിമം ശമ്പളം വേണമെന്ന് അധികൃതർ പറഞ്ഞതായാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.
അതേസമയം, രാജ്യത്ത് ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്താൻ സഹായിക്കുന്ന നടപടിയാണ് ഇതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പ്രവാസികൾക്ക് കൂടുതൽ സന്തോഷത്തോടെ, ഉയർന്ന ജീവിത നിലവാരത്തോടെ കഴിയുവാൻ അവസരമൊരുക്കുകയാണ് യു.എ.ഇയുടെ ലക്ഷ്യം. ഇത് രാഷ്ട്ര പുരോഗതിക്ക് വേഗത കൂട്ടുമെന്നും ക്രിയാത്മകമായ സംഭാവനകൾ നൽകാൻ കഴിയുമെന്നും വിലയിരുത്തലുണ്ട്.