കൊച്ചി: കപ്പൽ വഴിയുള്ള ചരക്കുനീക്കത്തിൽ കൊച്ചി ഇക്കൊല്ലം രണ്ടാംപാദത്തിൽ തുറമുഖം 21.8 ശതമാനം വളർച്ച കൈവരിച്ചതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. കേരളത്തിലെ തീരദേശ വിഭവസമ്പത്തും തുറമുഖങ്ങളും സാമ്പത്തിക വളർച്ചയിലേയ്ക്ക് സംസ്ഥാനത്തെ നയിക്കും. പ്രത്യേക സാമ്പത്തിക ഇടനാഴികളിൽ കൊച്ചിക്ക് ശ്രദ്ധേയമായ സ്ഥാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആഗോള മാരിടൈം ഉച്ചകോടിയുടെ മുന്നോടിയായി സംഘടിപ്പിച്ച റോഡ് ഷോയിൽ വീഡിയോ സന്ദേശത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിവർഷം 35 ദശലക്ഷം മെട്രിക് ടൺ ചരക്കാണ് കൊച്ചിയിലൂടെ കടന്നുപോകുന്നതെന്ന് പോർട്ട് അതോറിറ്റി ചെയർപേഴ്സൺ ഡോ.എം. ബീന പറഞ്ഞു. രാജ്യത്തെ 12 പ്രധാന തുറമുഖങ്ങളിൽ കൊച്ചിയുടെ സാന്നിദ്ധ്യവും സംഭാവനകളും അവഗണിക്കാനാവാത്തതാണ്. നിർമ്മാണം പൂർത്തിയാകുമ്പോൾ ഇന്ത്യയിലെ ആദ്യത്തെ മെഗാ ട്രാൻസ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നർ ടെർമിനലായി വിഴിഞ്ഞം തുറമുഖം മാറും.
കേന്ദ്ര തുറമുഖ, കപ്പൽ, ജലഗതാഗത വകുപ്പിന് വേണ്ടി കൊച്ചിൻ പോർട്ട് അതോറിറ്റിയും കൊച്ചി കപ്പൽശാലയും സംയുക്തമായാണ് ലെ മെറിഡിയൻ ഹോട്ടലിൽ റോഡ്‌ഷോ സംഘടിപ്പിച്ചത്. വിഴിഞ്ഞത്തും വല്ലാർപാടത്തും പുരോഗമിക്കുന്ന പദ്ധതികളും കൊച്ചി വാട്ടർ മെട്രോയും പരിപാടിയിൽ ചർച്ചയായി. കേന്ദ്ര തുറമുഖവകുപ്പ് സഹമന്ത്രി ശാന്തനു താക്കൂർ ആശംസകൾ അറിയിച്ചു. കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ വൈസ് ചെയർപേഴ്സൺ വികാസ് നർവാൾ, സംസ്ഥാന ഫിഷറീസ്, തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, കൊച്ചി കപ്പൽശാല ചെയർമാൻ മധു എസ്. നായർ പരിപാടിയിൽ എന്നിവർ സംസാരിച്ചു.
മലബാർ ഇന്റർനാഷണൽ പോർട്ട് ആൻഡ് സെസ് ലിമിറ്റഡിന്റെ സി.എം.ഡി എൽ. രാധാകൃഷ്ണൻ, ഇന്ത്യ പോർട്‌സ് ഗ്ലോബൽ ലിമിറ്റഡിന്റെ എം.ഡി. സുനിൽ മുകുന്ദൻ, സി.എസ്,എൽ സി.എം.ഡി രാജേഷ് ഗോപാലകൃഷ്ണൻ, കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ് പിള്ള, വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ചീഫ് പ്രോജക്ട് ഓഫിസർ ഡോ. സന്തോഷ് സത്യപാൽ, ഡി.പി വേൾഡ് സി.ഇ.ഒ പ്രവീൺ തോമസ് ജോസഫ്, പോർട്ട് അതോറിറ്റി ട്രാഫിക് മാനേജർ വിപിൻ ആർ. മേനോൻ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |