തിരുവനന്തപുരം: ബിജെപി ബന്ധമുള്ള പാർട്ടിയായി ഇടതുമുന്നണിയിൽ തുടരാനാവില്ലെന്ന് ജെഡിഎസിന് മുന്നറിയിപ്പ് നൽകി സിപിഎം. കേരളം ഭരിക്കുന്നത് എൻഡിഎ- ഇടതുമുന്നണി സഖ്യകക്ഷി സർക്കാരാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിന്റെ അടിയന്തര ഇടപെടൽ. എന്നാൽ, കേരള ജെഡിഎസ് ഘടകം ഒരിക്കലും എൻഡിഎയുടെ ഭാഗമാകില്ലെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് വ്യക്തമാക്കി. ഇക്കാര്യത്തിൽ നിർണായക തീരുമാനമെടുക്കാൻ കേരള ജെഡിഎസ് സംസ്ഥാന കമ്മിറ്റി യോഗം ഒക്‌ടോബർ ഏഴിന് ചേരുമെന്നും അറിയിച്ചു.
അതേസമയം, എൻഡിഎ സഖ്യത്തിനൊപ്പം നിൽക്കണോ വേണ്ടയോ എന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നാണ് ദേശീയ അദ്ധ്യക്ഷൻ എച്ച് ഡി ദേവഗൗഡ പറഞ്ഞത്. പാർട്ടി അദ്ധ്യക്ഷനെന്ന നിലയിൽ ഒരു തീരുമാനവും സംസ്ഥാനഘടകത്തിന് മേൽ അടിച്ചേൽപ്പിക്കില്ല. കേരളത്തിലെ നേതൃത്വവുമായി സംസാരിച്ചു, തീരുമാനം അവർക്ക് വിട്ടുവെന്നും ദേവഗൗഡ പറഞ്ഞു.
2006ൽ ജെഡിഎസ് - ബിജെപി സഖ്യസർക്കാർ കർണാടകത്തിൽ അധികാരത്തിൽ വന്നപ്പോഴും സമാനസ്ഥിതിയുണ്ടായിരുന്നു. അന്ന് കേരളത്തിലെ സംസ്ഥാനഘടകം സ്വതന്ത്രമായാണ് തീരുമാനമെടുത്തതെന്നും ദേവഗൗഡ പറഞ്ഞു. കർണാടകയിൽ ജെഡിഎസിനെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് എൻഡിഎയിൽ ചേർന്നത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ജെഡിഎസിനെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്നും ദേവഗൗഡ വ്യക്തമാക്കി. കർണാടകയിൽ ജെഡിഎസിന്റെ നീക്കത്തിന് പിന്നാലെയാണ് ആരോപണങ്ങളുമായി കേരളത്തിൽ പ്രതിപക്ഷം രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |