കോട്ടയം : ജില്ലയിലെ ഗുണ്ടാനേതാക്കൾ കാപ്പ ചുമത്തപ്പെട്ട് ജയിലിലായതോടെ ആക്രമണങ്ങൾക്ക് അറുതി വന്നെങ്കിലും ലഹരി ഒഴുകുകയാണ്. കൊള്ളയും ക്വട്ടേഷനുമായി നടന്നാൽ അകത്ത് പോകുമെന്ന് ഉറപ്പിച്ച അനുയായികളാണ് പുറത്ത് യഥേഷ്ടം ലഹരിക്കച്ചവടം നടത്തുന്നത്. ഒറ്റയടിയ്ക്ക് ലക്ഷങ്ങൾ സമ്പാദിക്കാമെന്നതും ഇതിലേക്ക് ആകർഷിക്കുന്നു.
ആർപ്പൂക്കര സ്വദേശിയായ ഗുണ്ടയ്ക്ക് ഒരു ഡസനിലേറെ അനുയായികളുണ്ട്. കാപ്പ ചുമത്തപ്പെട്ട് അകത്ത് കിടന്നപ്പോഴും ലഹരിക്കടത്തിന്റെ കാര്യങ്ങൾ അകത്ത് കിടന്ന് നിയന്ത്രിച്ചു. റോബിൻ ജോർജിന്റെ കഞ്ചാവ് കണ്ണി ഇയാളിലേയ്ക്കാണ് കൊളുത്തുന്നത്. റോബിൻ ജോർജ് ആരോപണം ഉന്നയിച്ച പനച്ചിക്കാട് സ്വദേശി അനന്ദു പ്രസന്നൻ ഈ നേതാവിന്റെ ഗ്യാംഗിലുണ്ടായിരുന്നു. ഈ ഗുണ്ടയ്ക്കൊപ്പമുള്ള യുവാവാണ് കുമാരനല്ലൂരിലെ നായ വളർത്തൽ കേന്ദ്രത്തിൽ എത്തിയതിനു പോലീസ് പിടികൂടുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തത്.
ആർപ്പൂക്കര, അയ്മനം, അതിരമ്പുഴ എന്നിവിടങ്ങളിലായി തഴച്ചു വളർന്ന ഗുണ്ടാ സംഘങ്ങളെ പൊലീസ് ഏറെക്കുറെ അടിച്ചൊതുക്കിയിരുന്നുവെങ്കിലും ഇപ്പോൾ വീണ്ടും തലപ്പൊക്കി തുടങ്ങി. ഏറ്റുമാനൂരും പിന്നീട് ആർപ്പൂക്കരയിലും കഞ്ചാവ് സൂക്ഷിച്ചിരുന്ന സംഘം സുരക്ഷിത താവളമെന്ന നിലയിൽ കുമാരനല്ലൂരിലേക്ക് എത്തുകയായിരുന്നുവെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
എന്തുകൊണ്ട് ലഹരിക്കച്ചവടം
ഒറ്റില്ലെങ്കിൽ പിടിക്കപ്പെടാൻ സാദ്ധ്യത കുറവ്
ലാഭം പത്തിരിട്ടിയിലേറെ, ചില്ലറയാക്കി വിൽക്കാനും ആളുകൾ
പിടിച്ചുപറി, ക്വട്ടേഷൻ പിടിക്കപ്പെടാൻ സാദ്ധ്യത കൂടുതൽ
ഒരു കിലോയിൽ താഴെ കഞ്ചാവെങ്കിൽ ജാമ്യം കിട്ടും
റോബിന് പിന്നിലാര് ?
നായ പരിശീലന കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ റോബിൻ പിടിയിലായെങ്കിലും പിന്നിലാരെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. അനന്ദുവാണ് കഞ്ചാവെത്തിച്ചതെന്ന് മൊഴി നൽകിയെങ്കിലും ഇത്രയും അളവിലുള്ള കഞ്ചാവിന്റെ ഉറവിടം എവിടെ നിന്നെന്നാണ് ചോദ്യം. ജില്ലയിലെ ലഹരിമാഫിയയിലേയ്ക്കുള്ള വഴി തുറക്കാൻ റോബിനിലൂടെ കഴിയുമെന്നാണ് പൊലീസ് വിശ്വാസം.
സുഹൃത്തായ അനന്ദു തുണികളാണെന്ന വ്യാജേന രണ്ട് ബാഗുകൾ എത്തിച്ചെന്നും അതിൽ കഞ്ചാവാണെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് റോബിന്റെ മൊഴി. നിരവധി ലഹരിക്കേസുകളിൽ പ്രതിയായ അനന്ദു ഇത്രയും വലിയ ബാഗുകൾ സൂക്ഷിക്കാൻ ഏൽപ്പിക്കുമ്പോൾ അതിലെന്താണെന്ന് സ്വാഭാവികമായും തിരക്കും. ബാഗിന് കഞ്ചാവിന്റെ മണവുമുണ്ടാകും. റോബിൻ മുൻപും കഞ്ചാവ് കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഒന്നുകിൽ അന്വേഷണം വഴിതിരിച്ചു വിടാനാകും റോബിന്റെ ശ്രമം. മറിച്ചാണെങ്കിൽ അനന്ദു ഉൾപ്പെട്ട സംഘം റോബിന്റെ വേട്ടനായ്ക്കളെ മറയാക്കി ഇവിടെ കഞ്ചാവ് സൂക്ഷിച്ചു.
എത്തിയത് അന്യസംസ്ഥാനത്ത് നിന്ന്
അന്യസംസ്ഥാനത്ത് നിന്നാകാം കഞ്ചാവ് എത്തിച്ചതെന്നാണ് സൂചന. ഇതിനായി ഒന്നിലേറെ പേരുടെ സഹായം ലഭിച്ചിട്ടുണ്ടാകും. ഗുണ്ടാസംഘത്തിലേക്കും ഇത് വിരൽ ചൂണ്ടുന്നു. കൂടിയ അളവിൽ എത്തിച്ച ശേഷം അവശേഷിച്ചതാണോ നായ പരിശീലന കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്നത് എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |