കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന അതിശക്തമായ മഴയിൽ കടുത്ത വെള്ളക്കെട്ട് ഭീഷണി നേരിടുകയാണ് കൊച്ചി നഗരപ്രദേശങ്ങൾ. രണ്ടാം ദിവസവും കൊച്ചിയിൽ വെള്ളം പൊങ്ങി വെള്ളക്കെട്ടുണ്ടായതിൽ കോർപറേഷനെതിരെ വിമർശനം ഉയർത്തിയിരിക്കുകയാണ് ഹൈക്കോടതി. വെള്ളക്കെട്ടില്ലാത്തപ്പോൾ ക്രെഡിറ്റ് എടുത്താൽ മാത്രം പോരെന്നും വെള്ളക്കെട്ടുണ്ടായാൽ വിമർശനം നേരിടാനും തയ്യാറാകണമെന്നും കോർപറേഷനെ ഹൈക്കോടതി വിമർശിച്ചു. ഇന്ന് വെള്ളക്കെട്ടുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി പരാമർശം.
കേസിൽ കോർപറേഷന്റെ അഭിഭാഷകൻ ഹാജരാകാത്തതിൽ അതൃപ്‌തിയറിയിച്ച കോടതി പിന്നാലെയാണ് ഇക്കാര്യം പറഞ്ഞത്. വെള്ളക്കെട്ട് ഒഴിവാക്കാൻ ശുചീകരണം നടത്തിയ സ്ഥലത്ത് തന്നെ വീണ്ടും വെള്ളക്കെട്ടുണ്ടായത് ഹോട്ടൽ മാലിന്യമടക്കം കെട്ടിക്കിടക്കുന്നതിനാലാണ്. മഴയിൽ വെള്ളക്കെട്ടുണ്ടായ ഇടങ്ങൾ ഏതെല്ലാമെന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമാക്കി അമിക്യസ്‌ക്യൂറി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വെള്ളക്കെട്ടിൽ വിശദീകരണം നൽകാൻ കോർപറേഷനോടും ജില്ലാ ഭരണകൂടത്തോടും ഹൈക്കോടതി ആവശ്യപ്പെട്ടു. വ്യാഴാഴ്‌ചയാണ് കളക്‌ടറും നഗരസഭയും വിശദീകരണം നൽകേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |