ന്യൂഡൽഹി: ഡി.എച്ച്.എൽ. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഡാർട്ട് എക്സ്പ്രസ് ലിമിറ്റഡ് വഴി സാധനങ്ങൾ അയയ്ക്കുന്നത് അടുത്ത വർഷം മുതൽ ചെലവേറും. 2024 ജനുവരി ഒന്നുമുതൽ ഷിപ്പ്മെന്റിന് അനുസരിച്ച് ഇപ്പോഴുള്ളതിനേക്കാൾ 9.5 ശതമാനം നിരക്ക് വർദ്ധിപ്പിക്കും. വർഷം തോറും നടത്തുന്ന അവലോകനങ്ങൾക്ക് ശേഷമാണ് ബ്ലൂഡാർട്ട് ഷിപ്പ്മെന്റിനുള്ള നിരക്ക് നിശ്ചയിക്കുന്നത്.
ഈവർഷം ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ സാധനങ്ങൾ അയക്കുന്ന ഉപയോക്താക്കളെ നിരക്ക് വർദ്ധനവ് ബാധിക്കില്ലെന്ന് ബ്ലൂ ഡാർട്ട് മാനേജിംഗ് ഡയറക്ടർ ബാൽഫോർ മാനുവൽ പറഞ്ഞു. 2023വരെ ആഗോള വിപണിയുടെ വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടി വന്നതായും നിരക്ക് വർദ്ധിപ്പിക്കേണ്ട ഘട്ടത്തിൽ ഇപ്പോൾ എത്തിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഡാറ്റ സുരക്ഷ ഉറപ്പാക്കുന്നതിനും ലോകോത്തര ഉപഭോക്തൃ അനുഭവം നൽകുന്നതിനും ഐ.ടി ഇൻഫ്രാസ്ട്രക്ചറിൽ നിക്ഷേപിക്കാനും ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ബ്ലൂഡാർട്ട് പദ്ധതിയിടുന്നുണ്ട്.
2023 ജൂണിൽ അവസാനിക്കുന്ന പാദത്തിൽ ബ്ലൂ ഡാർട്ട് 1,237.55 കോടി രൂപയുടെ അറ്റ വില്പന നടത്തി. 2022 ജൂണിൽ 1,300.05 കോടി രൂപയായിരുന്നു. 4.81 ശതമാനമാണ് കുറവ്. ഇതേ കാലയളവിലെ അറ്റാദായം 48.41 ശതമാനം കുറഞ്ഞ് 61.28 കോടി രൂപയായി. സൗത്ത് ഏഷ്യയിലെ എക്സ്പ്രസ് എയർ ആൻഡ് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ടേഷൻ കമ്പനിയായ ബ്ലൂ ഡാർട്ട് എക്സ്പ്രസ്, നിലവിൽ ഇന്ത്യയിലെ 55,000-ലധികം സ്ഥലങ്ങളിലേക്ക് ചരക്ക് ഡെലിവറി നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |