ന്യൂഡൽഹി:2000 രൂപ നോട്ട് ബാങ്കുകളിൽ മാറ്റിയെടുക്കാനുള്ള സമയപരിധി റിസർവ് ബാങ്ക് ഒക്‌ടോബർ 7വരെ നീട്ടി. മുൻ സമയപരിധി ഇന്നലെ ആയിരുന്നു. ഒക്ടോബർ 8 മുതൽ ബാങ്ക് ബ്രാഞ്ചുകളിൽ 2000 രൂപ നോട്ട് മാറ്റാനാവില്ല.
എന്നാൽ 8 മുതൽ റിസർവ് ബാങ്കിന്റെ 19 കേന്ദ്രങ്ങളിൽ ഒറ്റത്തവണ 20,000 രൂപ വരെ മാറ്റിയെടുക്കാം. തുകയ്‌ക്ക് പരിധിയില്ലാതെ 2000 രൂപ നോട്ടുകൾ അക്കൗണ്ടിൽ നിക്ഷേപിക്കാനും കഴിയും. രാജ്യത്തുള്ളവർക്ക് അക്കൗണ്ടിൽ നിക്ഷേപിക്കാനായി ഇന്ത്യ പോസ്റ്റ് വഴി 19 കേന്ദ്രങ്ങളിലേക്കും 2000 രൂപ നോട്ടുകൾ അയയ്‌ക്കാമെന്നും റിസർവ് ബാങ്ക് അറിയിച്ചു. കേസാവശ്യങ്ങൾക്ക് കോടതിക്കും സർക്കാർ ഏജൻസികൾക്കും വകുപ്പുകൾക്കും എപ്പോൾ വേണമെങ്കിലും എത്ര തുകയും മാറ്റിയെടുക്കാം.
വിദേശത്തുള്ള ഇന്ത്യക്കാരുടെ സൗകര്യംകൂടി പരിഗണിച്ചാണ് സമയം നീട്ടിയത്.
മേയ് 19-നാണ് ക്ലീൻ നോട്ട് നയത്തിന്റെ ഭാഗമായി 2,000 രൂപ നോട്ട് റിസർവ് ബാങ്ക് പിൻവലിച്ചത്. സെപ്‌തംബർ ഒന്നുവരെ 3.32 ലക്ഷം കോടി രൂപയുടെ 2000 നോട്ടുകൾ ബാങ്കുകളിൽ തിരിച്ചെത്തി ( പ്രചാരത്തിലുണ്ടായിരുന്ന കറൻസിയുടെ ഏഴ് ശതമാനം).
2016ലെ വിവാദ നോട്ട് നിരോധനത്തിൽ 1000, 500 നോട്ടുകൾ പിൻവലിച്ചതോടെ രാജ്യത്തുണ്ടായ കറൻസി ക്ഷാമം പരിഹരിക്കാനാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. 500, 200, 100 നോട്ടുകളുടെ ലഭ്യതയും ഒാൺലൈൻ ഇടപാടുകളും കൂടിയതോടെ 2000 നോട്ടിന്റെ അച്ചടി നിർത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |