തൃശൂർ: 200 ബെഡുകളുള്ള ആശുപത്രികൾക്ക് പുതിയ നഴ്‌സിംഗ് കോളേജ് തുടങ്ങുന്നതിന് അനുമതി നൽകാൻ ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ അക്കാഡമിക് കൗൺസിൽ യോഗം തീരുമാനിച്ചു. ആഗോള തലത്തിൽ കൂടുതൽ നഴ്‌സുമാരെ ആവശ്യമായി വരുന്ന സാഹചര്യം പരിഗണിച്ചാണിത്. നിലവിൽ 300 കിടക്കകളുള്ള ആശുപത്രിയിൽ മാത്രമേ നഴ്‌സിംഗ് കോളേജ് തുടങ്ങാൻ സാധിക്കുകയുള്ളൂ. പുതിയ തീരുമാനപ്രകാരം നിരവധി കോളജുകൾ പുതിയതായി ആരംഭിക്കാൻ സാധിക്കും. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് കർശന നടപടികൾ സ്വീകരിക്കാൻ കോളേജുകളോട് ആവശ്യപ്പെട്ടു. ഒ.പിയിലും കാഷ്വാലിറ്റിയിലും സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിനും, സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നതിനും നിർദേശം നൽകി. ഇവ ഏർപ്പെടുത്താത്ത കോളേജുകൾക്ക് അഫിലിയേഷൻ നൽകുന്നതല്ലെന്നും തീരുമാനിച്ചു. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മെഡിക്കൽ, ആയുർവേദ, ഹോമിയോ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർമാരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |