ദില്ലി : തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വധശ്രമത്തിൽ എസ്.എഫ്.ഐയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് എ.കെ ആന്റണി. സാക്ഷര കേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ട തരത്തിലുള്ള സംഭവമാണ് യൂണിവേഴ്സിറ്റി കോളേജിൽ ഉണ്ടായതെന്നും പരീക്ഷാ ക്രമക്കേടിൽ ഉൾപ്പെടെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും എ.കെ ആന്റണി ആവശ്യപ്പെട്ടു.
പി.എസ്.സിയുടെ വിശ്വസ്യത പോലും ചോദ്യം ചെയ്യപെട്ടുകൊണ്ടിരിക്കുകയാണ്. സർക്കാർ അന്വേഷണം നടത്തുമെന്നാണ് പറയുന്നത്. എന്നാൽ കേരളാ പൊലീസിന്റെ കൈ കെട്ടിയിട്ടിരിക്കുന്ന അവസ്ഥയിലാണ്. ജുഡീഷ്യൽ അന്വേഷണത്തിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് മുൻപ് രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിക്കേണ്ടതെന്നും എ.കെ ആന്റണി അഭിപ്രായപ്പെട്ടു.
കെ.എസ്.യു പ്രത്യക്ഷ സമരത്തിലാണെന്നും എസ്.എഫ്.ഐക്കെതിരെ കെ.എസ്.യു അദ്ധ്യക്ഷൻ അഭിജിത്ത് നടത്തുന്ന നിരാഹാര സമരത്തിന് പ്രതിപക്ഷത്തിന്റെ എല്ലാ പിന്തുണയുമുണ്ടെന്നും ആന്റണി പറഞ്ഞു. ഏറ്റവുമധികം ആളുകളെ കൊല ചെയ്ത വിദ്യാർത്ഥി സംഘടന എസ്എഫ്ഐയാണെന്നും ഏറ്റവും കൂടുതൽ കൊലവിളികൾ നടത്തിയതും അവരാണെന്നും എ.കെ ആന്റണി ആരോപിച്ചു.