തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ജനതാദൾ എസ്, ബി.ജെ.പി മുന്നണിയായ എൻ.ഡി.എയിൽ ചേരാൻ തീരുമാനിച്ച സാഹചര്യത്തിൽ സംസ്ഥാന ഘടകത്തിന്റെ നിലപാട് എത്രയും വേഗം അറിയിക്കണമെന്ന് സി.പി.എം നേതൃത്വം നിർദ്ദേശിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് മാത്യു.ടി.തോമസിനോട് ഫോണിലാണ് ബന്ധപ്പെട്ടത്. ഇന്നലെ ചേരാനിരുന്ന യോഗം ഏഴിലേക്ക് മാറ്റിയെന്നും അന്ന് നിലപാട് പ്രഖ്യാപിക്കുമെന്നും മാത്യു.ടി.തോമസ് എം.വി. ഗോവിന്ദനെ അറിയിച്ചു. ഇത് ജെ.ഡി.എസ് നേതാക്കൾ സ്ഥിരീകരിക്കുന്നില്ല. ഇന്നലെ തീരുമാനം അറിയിക്കാമെന്നാണ് ജെ.ഡി.എസ് കേരള നേതാക്കൾ നേരത്തേ വ്യക്തമാക്കിയിരുന്നത്.
എൻ.ഡി.എ സഖ്യകക്ഷിയായിട്ടും ജെ.ഡി.എസിനെ സി. പി. എം തള്ളിപ്പറയാത്തതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങളെ ഇളക്കാനാണെന്ന് തിരിച്ചറിഞ്ഞാണ് സി.പി.എം ഇടപെടൽ.
അതേസമയം, ബി.ജെ.പി മുന്നണിയോട് യോജിക്കാനാവില്ലെന്ന കേരളഘടകത്തിന്റെ നിലപാട് ധരിപ്പിക്കാനായി ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് മാത്യു.ടി. തോമസും മന്ത്രി കെ. കൃഷ്ണൻകുട്ടിയും ഇന്ന് ബംഗളുരുവിൽ എച്ച്.ഡി. ദേവഗൗഡയെ കാണും. ബി.ജെ.പി വിരുദ്ധ, കോൺഗ്രസ് ഇതര മുന്നണിയുടെ ഭാഗമായിരിക്കും ജെ.ഡി.എസ് എന്ന് പാർട്ടിയുടെ കഴിഞ്ഞ ദേശീയ പ്ലീനറി പ്രമേയത്തിൽ വ്യക്തമാക്കിയിരുന്നു. അതാവും കേരളഘടകത്തിന്റെ നിലപാട്. ദേശീയ നേതൃത്വത്തിന്റെ തീരുമാനം തള്ളി കേരളത്തിൽ പ്രത്യേക പാർട്ടിയായി തുടരാനാവും നീക്കം.
എൽ.ജെ.ഡി കേരള ഘടകത്തിനൊപ്പം ചേർന്ന് ആർ.ജെ.ഡിയിൽ ലയിക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയെ അനുകൂലിക്കുന്നവർ പറയുന്നുണ്ട്. അതിനോട് വലിയ വിഭാഗം യോജിക്കുന്നില്ല. നിതീഷ് കുമാറിന്റെ ജനതാദൾ- യുവിനൊപ്പം ചേരണമെന്ന വാദവുമുണ്ട്. വേറൊരു പാർട്ടിയിൽ ചേർന്നാൽ എം.എൽ.എമാർക്ക് കൂറുമാറ്റം ബാധകമാകാമെന്നതും പാർട്ടി നേതൃത്വത്തെ ചിന്തിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |