കോഴിക്കോട് : കനത്ത മഴയിൽ ദുരിത്തിലായ ജില്ലയിൽ ഇന്ന് മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലയിൽ ഇന്ന് നേരിയ മഴയേ ഉണ്ടാവുകയുള്ളൂവെന്നാണ് പ്രവചനം. ഇന്ന് മുതൽ നാല് ദിവസം ജില്ലയിൽ ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചത്.
എന്നാൽ ഇന്നലെ ജില്ലയിലുടനീളം കനത്ത മഴ തുടർന്നു. നഗരത്തിലുൾപ്പടെയുള്ള റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. മലയോരത്തും തീരദേശങ്ങളിലും മഴയും കാറ്റും ആശങ്ക ഉയർത്തി. പുതിയ ബസ് സ്റ്റാൻഡ് , മാവൂർ റോഡ്, സ്റ്റേഡിയം പരിസരത്തും മാനാഞ്ചിറയ്ക്ക് സമീപവുമെല്ലാം ഇന്നലെയും വെള്ളക്കെട്ടുണ്ടായി. പുഴയോരത്ത് ജല നിരപ്പ് ഉയർന്ന നിലയിൽ തന്നെയാണ്. മലയോരങ്ങളിലെ ദേശീയ പാതയിലും പോക്കറ്റ് റോഡുകളിലും വെള്ളംകയറി.
യെല്ലോ അലർട്ട് ഇല്ലെങ്കിലും ജില്ലയിൽ പൊതുവെ ജാഗ്രത നിർദ്ദേശമുണ്ട്. ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം, എല്ലാ തരത്തിലുമുളള മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ എന്നിവയ്ക്കെല്ലാം നിയന്ത്രണമുണ്ട്.
വെളളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനത്തിലും നിയന്ത്രണം ഏർപ്പുടുത്തിയിട്ടുണ്ട്. നദികളിലും വെള്ളക്കെട്ടിലും ഇറങ്ങുന്നത് അപകടകരമാണ്. അവധി ദിനമായതിനാൽ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |