ആലപ്പുഴ: എൺപത്തിയാറാം വയസിൽ ശാസ്ത്രീയ സംഗീതം പഠിക്കാൻ തുടങ്ങുകയാണ് ഡോ.സചീവൻ. കൂട്ടിന് 11 പേരുണ്ട്. അതിൽ നാലും ഡോക്ടർമാർ. മറ്റുള്ളവരും വിവിധ മേഖലകളിലെ പ്രമുഖർ. വിജയദശമി ദിനത്തിൽ മരുത്തോർവട്ടം ഉണ്ണിക്കൃഷ്ണൻ ഇവരുടെ ഗുരുവാകും.
വോയ്സ് ഓഫ് ചേർത്തല എന്നപേരിലുള്ള കൂട്ടായ്മ വേദികളിൽ പാടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഒടുവിൽ ശാസ്ത്രീയമായി പഠിക്കാൻ തീരുമാനിക്കുകയായിരുന്നു.
2019ൽ ചേർത്തല ടൗൺ എൻ.എസ്.എസ് കരയോഗത്തിന്റെ ഓണാഘോഷത്തിലായിരുന്നു വോയ്സ് ഒാഫ് ചേർത്തലയുടെ ഗാനമേള അരങ്ങേറ്റം.
പ്രൊഫഷണൽ ഓർക്കസ്ട്ര ടീമിനൊപ്പമാണ് പരിശീലനവും പരിപാടിയും. കൂട്ടായ്മ നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ 35 വേദികൾ പിന്നിട്ടു കഴിഞ്ഞു. ആലപ്പുഴയ്ക്ക് പുറമേ കോട്ടയം, കണ്ണൂർ ജില്ലകളിലും ഗാനമേള അവതരിപ്പിച്ചു. വയലാർ ഗാനങ്ങൾ കോർത്തിണക്കിയുള്ള ഗാനോപഹാരമാണ് 'ആയിരം പാദസരങ്ങൾ'. പ്രതിഫലത്തിൽ ഓർക്കസ്ട്രയുടെ ചെലവ് കഴിഞ്ഞ് മിച്ചം വരുന്ന തുക അവശകലാകാരന്മാരെ സഹായിക്കാൻ മാറ്റിവയ്ക്കും. വയലാർ ശരത്ചന്ദ്രവർമ്മയാണ് മാർഗദർശി.
മെഡിസിൻ മുതൽ ഗ്രാഫിക്സ് വരെ
35 വർഷം മുമ്പ് സർവീസിൽ നിന്ന് വിരമിച്ച ഇ.എൻ.ടി വിദഗ്ദ്ധൻ ഡോ.സചീവന് പുറമേ ചേർത്തല കെ.വി.എം ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായിരുന്ന ഡോ.പ്രഭ.ജി.നായർ, കോട്ടയം ജനറൽ ആശുപത്രി റിട്ട. അനസ്തീഷ്യോളജിസ്റ്റ് ഡോ.സുദീപ്, അരൂക്കുറ്റി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോ.സേതുമാധവൻ, ആലപ്പുഴ പ്രൊവിഡൻസ് ആശുപത്രിയിലെ മെഡിസിൻ വിഭാഗം ഡോക്ടർ ജോഷി ജോസഫ് എന്നിവർ സംഘത്തിലെ അംഗങ്ങളാണ്. സംഘത്തെ നയിക്കുന്നതിൽ പ്രധാനിയായ റിട്ട. നേവി ഉദ്യോഗസ്ഥൻ കെ.പി.ശശികുമാറും ഭാര്യ റിട്ട. എസ്.പി ഓഫീസ് ജീവനക്കാരി കെ.ആർ.റാണിയുമാണ് കൂട്ടത്തിലെ ദമ്പതികൾ. കോ ഓർഡിനേറ്റർ റാണീ ശ്രീകുമാർ ഇൻഷ്വറൻസ് ഏജന്റാണ്. ഗാനരചയിതാവായ വിജയകുമാർ, വീട്ടമ്മയായ കൃഷ്ണ ഹരീന്ദ്രനാഥ്, എൽ.ഐ.സി ഡെവലപ്മെന്റ് ഓഫീസർ കെ.പി.വേണുഗോപാൽ, ഗ്രാഫിക് ഡിസൈനിംഗ് സ്ഥാപനം നടത്തുന്ന എം.പി.രാജേഷ് എന്നിവരാണ് മറ്റ് അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |