മാനന്തവാടി: എരുമത്തെരുവിലെ സന്നിധി ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരന് യുവാക്കളുടെ ക്രൂരമർദ്ദനം. 28ന് പുലർച്ചെ മൂന്നുമണിയോടെ ബൈക്കിലെത്തിയ രണ്ടുപേരാണ് റിസപ്ഷനിസ്റ്റായ രാജനെ (56) ക്രൂരമായി മർദ്ദിച്ചത്.
മൂക്കിന് സാരമായി പരിക്കേറ്റ രാജൻ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. മർദ്ദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നു. മുറി ആവശ്യപ്പെട്ടെത്തിയ സംഘം മദ്യ ലഹരിയിലായിരുന്നു. തുക അഡ്വാൻസായി വേണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്. ഇടിവള ഉപയോഗിച്ച് പിടിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഹെൽമറ്റ് കൊണ്ടും രാജനെ മർദ്ദിച്ചു. മർദ്ദിക്കരുതെന്ന് രാജൻ കേണപേക്ഷിച്ചിട്ടും യുവാക്കൾ അക്രമം തുടർന്നു. രണ്ടംഗ സംഘത്തിലെ ഒരാളാണ് കൂടുതൽ മർദ്ദിച്ചതെന്ന് രാജൻ പറഞ്ഞു.
മാനന്തവാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും മാനന്തവാടി പൊലീസ് അറിയിച്ചു. അക്രമം നടന്ന ദിവസം ലോഡ്ജ് ഉടമ നൽകിയ പരാതി പ്രകാരം പൊലീസ് എത്തിയെങ്കിലും യുവാക്കളെ പിടികൂടാൻ തയ്യാറായില്ല. തുടർന്ന് രാജൻ മാനന്തവാടി ഡിവൈ.എസ് .പിക്ക് പരാതി നൽകുകയായിരുന്നു. യുവാക്കൾ ഇതിനുമുമ്പും ലോഡ്ജിൽ മുറിയെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |